ആര്യാടന്‍ ഷൗക്കത്തിനെപ്പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരെ റാലിയ്ക്ക് ക്ഷണിക്കുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - കോഴിക്കോട്ട് നടക്കുന്ന സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ആര്യാടന്‍ ഷൗക്കത്തിനെപ്പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരെ ക്ഷണിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റാലിയില്‍ മുസ്‌ലീം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. റാലി വിഭാവനം ചെയ്തത് വിശാല അര്‍ത്ഥത്തിലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. മുസ്‌ലീം ലീഗ് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, മറിച്ച് അതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 
അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ ഏക സിവില്‍ കോഡിനെതിരായ റാലിയിലും സഹകരിപ്പിച്ചിരുന്നില്ല. സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കേണ്ടെന്ന മുസ്‌ലീം ലീഗിന്റെ തീരുമാനം  സാങ്കേതിക കാരണത്താലാണ്. ആ സാങ്കേതിക കാരണം കോണ്‍ഗ്രസിന്റെ വിലക്കാണ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അപ്പോള്‍ കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ നിലപാട് എന്താണെന്ന് അന്വേഷിച്ച് വേറെ എവിടേയും പോകേണ്ടല്ലോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

 

 

Latest News