മാറത്തടിച്ചും നിലവിളിച്ചും വന്‍ ജനപ്രവാഹം;സംസ്‌കാരം ഇന്ന്

ചെന്നൈ- കഴിഞ്ഞ ദിവസം വിടപറഞ്ഞ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് വന്‍ ജനപ്രവാഹം. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സമര്‍പ്പിച്ച ഹരജിയില്‍ മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കല്‍ പുനരരാംഭിച്ചിട്ടുണ്ട്.

വിശദമായ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഡി.എം.കെ ചൊവ്വാഴ്ച രാത്രി സമര്‍പ്പിച്ച ഹരജിയിലെ വാദം രാവിലെ എട്ടുമണിയിലേക്ക് മാറ്റിവെച്ചത്.

കരുണാനിധിയുടെ ഭൗതിക ശരീരം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും. കേരളത്തില്‍നിന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 
മറീനാ ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ 11 മണിയോടെ വിധി വരുമെന്നാണ് കരുതുന്നത്. ബീച്ചില്‍ അണ്ണാദുരൈയുടെ സമാധി സ്മാരകത്തിനുള്ളില്‍ അദ്ദഹത്തിന്റെ സമാധിക്കടുത്തായി അന്ത്യവിശ്രമ സ്ഥലം വേണമെന്നാണ് ഡി.എം.കെ ആവശ്യപ്പെടുന്നത്. കരുണാനിധിയുടെ അന്ത്യാഭിലാഷമായിരുന്നു ഇത്. എന്നാല്‍ മുഖ്യമന്ത്രി പദവിയിലിരിക്കെ മരിച്ചവര്‍ക്കുമാത്രം മറീന ബീച്ചില്‍ സമാധി അനുവദിച്ചാല്‍ മതിയെന്നത് സര്‍ക്കാര്‍ നയമാണന്ന വാദമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഉന്നയിക്കുന്നത്.
 
 

Latest News