VIDEO ലുലു മാളിൽ സ്ത്രീകളെ ഉപദ്രവിച്ചത് റിട്ട.ഹെഡ് മാസ്റ്റർ; പോലീസിൽ കീഴടങ്ങി

ബംഗളൂരു- ലുലു മാളിലെ ലൈംഗിക അതിക്രമക്കേസിൽ റിട്ട. സ്‌കൂൾ ഹെഡ്മാസ്റ്റർ പോലീസിൽ കീഴടങ്ങി. പോലീസ് അറസ്റ്റ് ചെയ്ത അശ്വത് നാരായണ (60) മാളുകളിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യാറുണ്ടെന്ന്  പോലീസ് പറഞ്ഞു.മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി നിരവധി സ്ത്രീകളോട് ഇത്തരത്തിൽ മോശമായി പെരുമാറിയതായി കണ്ടെത്തി. വാരാന്ത്യങ്ങളിൽ മാളിൽ എത്തുന്ന ഇയാൾ സ്ത്രീകളെയും പെൺകുട്ടികളേയും അനുചിതമായി സ്പർശിക്കുകയാണ് പതിവ്

തിരക്കേറിയ മാളിലെ ഗെയിംസ് സോണിൽ വെച്ച് പ്രതി യുവതിയുടെ പിറകിൽ മനപ്പൂർവ്വം സ്പർശിക്കുന്നത് വീഡിയോ പ്രചരിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. ബംഗളൂരുവിലെ പ്രശസ്തമായ  ലുലു മാളിലാണ് സംഭവം നടന്നതെന്ന് വീഡിയോ അപ്‌ലോഡ് ചെയ്തയാൾ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

തിരക്കേറിയ സ്ഥലത്ത് കണ്ടപ്പോൾ സംശയം തോന്നി വീഡിയോ റെക്കോർഡുചെയ്യാൻ അനുഗമിക്കുകയായിരുന്നുവെന്നാണ് അപ് ലോഡ് ചെയ്തയാൾ പറഞ്ഞത്. സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ  ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാൾ മാനേജ്മെന്റിനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരേയും അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് റിട്ട. ഹെഡ്മാസ്റ്റർ കീഴടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആരോപണവിധേയനായ പ്രധാനാധ്യാപകൻ മറ്റ് മാളുകളിലും ഇത് ചെയ്തിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.

Latest News