ഗാസ- സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വിവേചനരഹിതമായ ആക്രമണം തുടരുകയാണ് ഇസ്രായില്‍. ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ അല്‍ഫഖൂറ സ്‌കൂളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗാസയില്‍നിന്ന് കുടിയൊഴിഞ്ഞെത്തിയ ആളുകള്‍ താമസിച്ച സ്‌കൂളിലാണ് ബോംബ് വീണത്.
ആശുപത്രികളിലും പാര്‍പ്പിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളും വ്യോമാക്രമണത്തില്‍ തകര്‍ത്തു. വൈദ്യുതിയും ഇന്ധനവുമില്ലാതെ പ്രയാസപ്പെടുന്ന ഗാസയിലെ ആശുപത്രികള്‍ സൗരോര്‍ജത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സിവിലിയന്‍മാരുടെ അവശേഷിക്കുന്ന ഏക വൈദ്യുതി സ്രോതസ്സ് കൂടി വിച്ഛേദിക്കുകയാണ് ഇസ്രായില്‍. അല്‍വഫ ഹോസ്പിറ്റലിലെ പവര്‍ ജനറേറ്ററും റഫയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പൊതു വാട്ടര്‍ ടാങ്കും തകര്‍ത്തു.
ഗാസ സിറ്റിയില്‍ കുട്ടികള്‍ക്കായുള്ള അല്‍നാസര്‍ ആശുപത്രിയുടെ പ്രവേശന കവാടവും ആക്രമണത്തില്‍ തകര്‍ന്നു. തെക്കന്‍ ഗാസ സിറ്റിയിലെ രണ്ട് മുസ്‌ലിം പള്ളികള്‍ക്കു നേരേയും ആക്രമണമുണ്ടായി.