Sorry, you need to enable JavaScript to visit this website.

പോലീസിന് നേരെ വെടിയുതിർത്ത 70-കാരൻ കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ-കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ് നടത്തിയ ആളെ അറസ്റ്റു ചെയ്തു. ചിറക്കൽ ചിറയ്ക്കു സമീപത്തെ ബാബു തോമസിനെയാണ് (71) വളപട്ടണം  പോലീസ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട് സ്വദേശിയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച കേസിൽ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടണം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കൽചിറയിലെ  ഇയാളുടെ വീട്ടിലെത്തിയത്.  രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പോലീസ് സംഘം മുകൾ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരം വെടിയുതിർത്തത്.
എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ ബഹളത്തിനിടയിൽ പ്രതി റോഷൻ ഓടി രക്ഷപ്പെട്ടു. കൂടുതൽ പോലീസ് എത്തി വാതിൽ തകർത്താണ് 71കാരനായ ബാബു തോമസിനെ കീഴ്‌പ്പെടുത്തിയത്. ഇവരുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ തകർത്ത നിലയിൽ ആണ്. സിസിടിവിയും തകർത്തു. നാട്ടുകാരുമായി ബന്ധമില്ലാത്ത കുടുംബമാണിവരുടേതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, പോലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്നാണ് ബാബുവിന്റെ ഭാര്യ ലിൻറ പറയുന്നത്. പോലീസ് നോക്കി നിൽക്കെയാണ് വീട് ആക്രമിച്ചതെന്നും റോഷൻ ഒക്ടോബർ 22ന് ശേഷം വീട്ടിൽ വന്നിട്ടില്ലെന്നും ഇവർ പറഞ്ഞു. മാത്രമല്ല, ബാബുവിന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നും ഇവർ പറയുന്നു.
പോലീസുകാർ കീഴ്!പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ച പ്രതിയെ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ ടി.കെ.രത്‌നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് ഇയാൾ വെടിയുതിർത്തതെന്ന് പരിശോധനയിൽ കണ്ടെത്തി.
തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതിയായ റോഷൻ,  റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാൾക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന് ലൈസൻസ് ഉണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായി പരിശോധിക്കും. ലൈസൻസ് ഇല്ല എന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കമ്മീഷണർ വിശദീകരിച്ചു.
 

Latest News