Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് പഥസഞ്ചലത്തിന് ഭൂമി വിട്ടുകൊടുത്ത ലീഗ് പഞ്ചായത്ത് പ്രസിഡണ്ടിന് പരസ്യശാസന

കണ്ണൂർ-ആർ.എസ്.എസ് പഥസഞ്ചലനത്തിന് പഞ്ചായത്ത് അധീനതയിലുള്ള ഗ്രൗണ്ട് വിട്ടുകൊടുത്ത സംഭവത്തിൽ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയിദിനെ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ ഓഫീസിൽ വിളിച്ചു വരുത്തി പരസ്യമായി ശാസിച്ചു. മാടായി പഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രൗണ്ട് ആർ.എസ്.എസ് പഥസഞ്ചലനം നടത്താൻ അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഉയർന്നു വന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി മുമ്പാകെ വിളിച്ചു വരുത്തി ശാസിച്ചത്. വർഗീയ ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസിനോട് എക്കാലത്തും മുസ്ലിം ലീഗ് സ്വീകരിച്ചു വന്ന നയത്തിന് വിരുദ്ധമായി മുസ്ലിം ലീഗ് ജനപ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ഉണ്ടായ ജാഗ്രതക്കുറവ് പാർട്ടി ഗൗരവപൂർവ്വം കാണുകയും മുസ്ലിം ലീഗിന്റെ നയങ്ങൾക്ക് വിരുദ്ധമായി ഗ്രൗണ്ട് ആർ.എസ്.എസിന് ലഭിച്ചത് വലിയ വീഴ്ചയായി ജില്ലാ കമ്മിറ്റി വിലയിരുത്തി. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ  ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകി. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ജാഗ്രതക്കുറവുണ്ടായിയെന്ന് പ്രാദേശിക ജില്ലാ നേതൃത്വങ്ങളിൽ നിന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് പങ്കില്ലെന്നും, പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച അപേക്ഷയിൽ ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കുകയായിരുന്നുവെന്ന് പ്രസിഡണ്ട് കായിക്കാരൻ സയ്യിദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസിന് ഗ്രൗണ്ട് വിട്ടുനൽകിയതിനെതിരെ പ്രതിപക്ഷ സംഘടനകൾ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.
 

Latest News