Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എം ജോസഫ്  സുപ്രീം കോടതി ജഡ്ജി; സീനിയോറിറ്റി കേന്ദ്രം  പരിഗണിച്ചില്ല

ന്യൂദൽഹി- മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ഇന്ദിര ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന വിനീത് സരൺ എന്നിവർക്കൊപ്പമാണ് ജസ്റ്റിസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതിയിലെ ഒന്നാം നമ്പർ കോടതിയിൽ ഇന്നലെ രാവിലെ പത്തരയ്ക്കു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, സീനിയോരിറ്റി വിഷയത്തിൽ മുതിർന്ന ജഡ്ജിമാർ അടക്കമുള്ളവർ ശക്തമായ പ്രതിഷേധമുയർത്തിയെങ്കിലും പുതിയ ജഡ്ജിമാരിൽ മൂന്നാമതായി മാത്രമാണ് ജസ്റ്റിസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. 
ദൈവനാമത്തിലായിരുന്നു ജോസഫിന്റെയും മറ്റ് രണ്ടു ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ. ചുമതലയേറ്റതിനു പിന്നാലെ ജസ്റ്റിസ് മദൻ ബി. ലോകുറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെ ഭാഗമായി മൂന്നാം നമ്പർ കോടതിയിൽ ജസ്റ്റിസ് ജോസഫ് കേസ് പരിഗണിച്ചു. 
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജോസഫിന്റെ ഭാര്യ ആൻസി, മക്കളായ ടാനിയ, വിനയ്, മരുമകൻ അരുൺ, സഹോദരൻ കെ.എം. കുര്യൻ എന്നിവർ എത്തിയിരുന്നു. ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയുടെയും വിനീത് സരണിന്റെയും കുടുംബാംഗങ്ങളും കോടതിയിൽ സന്നിഹിതരായിരുന്നു.    
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിലുള്ള പ്രതികാര നടപടിയായാണ് ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റി കേന്ദ്ര സർക്കാർ കുറച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിഷയം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല എന്നാണ് സത്യപ്രതിജ്ഞ ചടങ്ങിൽ മാറ്റമൊന്നുമുണ്ടാകാഞ്ഞതോടെ വ്യക്തമായത്. 
സുപ്രീം കോടതിയിലേക്കുള്ള നിയമനം ഹൈക്കോടതി സീനിയോറിറ്റി പട്ടികയുടെ അടിസ്ഥാനത്തിലല്ലെന്നും കൊളീജിയം ശുപാർശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് കൊളീജിയത്തിന്റെ നിലപാട്. ഇതേ രീതി തുടരുകയാണെങ്കിൽ കൊളീജിയം ആദ്യം ശിപാർശ ചെയ്തത് ജോസഫിനാണ് ആദ്യം സീനിയോറിറ്റി നൽകേണ്ടതെന്നു ജഡ്ജിമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കേന്ദ്രം, ഹൈക്കോടതി ജഡ്ജിയായ തീയതിയുടെ അടിസ്ഥാനത്തിലാണ് സീനിയോറിറ്റി നിശ്ചയിക്കുകയെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇതോടെ, ജഡ്ജി നിയമന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ കൂടുതൽ വ്യക്തമായെന്നാണ് ഇക്കാര്യത്തിൽ പ്രതിഷേധമുയർത്തുന്ന ജഡ്ജിമാർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ ഇനിയുള്ള സുപ്രീം കോടതി കൊളീജിയം യോഗം ഈ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതു നിർണായകമാകും. 
കെ.എം. ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രംഗത്തെത്തി. സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജസ്റ്റിസ്  കെ.എം. ജോസഫിനോട് സർക്കാർ പ്രതികാരം ചെയ്യുകയാണെന്നും നീതിന്യായ സംവിധാനം ആത്മപരിശോധനയ്ക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Latest News