ഗാസ- ഇസ്രായിലിന്റെ അഞ്ചു സൈനികരെ കൂടെ ഗാസയിൽ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു. വടക്കൻ ഗാസയിൽ തങ്ങളുടെ പോരാളികൾ അഞ്ച് ഇസ്രായിൽ സൈനികരെ കൂടി വധിച്ചതായി ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ്‌സാണ് അറിയിച്ചത്. ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഒരു കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാരെ അൽഖസ്സാം സൈന്യം ആക്രമിക്കുകയായിരുന്നു. മെഷീൻ ഗണ്ണുകളും ബോംബുകളും ഉപയോഗിച്ച് ഇസ്രായിൽ സൈന്യത്തെ നേരിട്ടുവെന്നും അഞ്ച് സൈനികരെ കൊന്നുവെന്നുമാണ് ഹമാസിന്റെ പ്രസ്താവനയിലുള്ളത്.
അതിനിടെ, ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനു മേൽ ശക്തമായ സമ്മർദം ചെലുത്തി അറബ് രാജ്യങ്ങൾ. ശനിയാഴ്ച വൈകീട്ട് അമ്മാനിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കാൻ അറബ് മന്ത്രിമാർ ബ്ലിങ്കനു മേൽ ശക്തമായ സമ്മർദം ചെലുത്തിയത്. റിലീഫ് വസ്തുക്കൾ എത്തിക്കാൻ താൽക്കാലിക വെടിനിർത്തലിന് ഇസ്രായിലിനെ സമ്മതിപ്പിക്കാൻ അമേരിക്ക ശ്രമിച്ചുവരികയാണ്.
ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായി അറബ് വിദേശ മന്ത്രിമാർ ഏകോപന യോഗം ചേർന്ന് വെടിനിർത്തൽ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തു. ഗാസയിലും പരിസരപ്രദേശങ്ങളിലും നിരായുധരായ സാധാരണക്കാരുടെ രക്തച്ചൊരിച്ചിൽ തടയാൻ സഹായിക്കുന്ന നിലക്ക് സൈനിക ആക്രമണങ്ങൾ നിർത്തുന്നതിലും ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവകവും സമഗ്രവുമായ പരിഹാരം കാണുന്നതിലുമുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തിര പങ്കിനെ കുറിച്ച് യോഗം ചർച്ച ചെയ്തു.
സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു പുറമെ, വിദേശ മന്ത്രാലയത്തിൽ പോളിസി പ്ലാനിംഗ് ജനറൽ അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ ഖാലിദ് ബിൻ സൗദ് അൽകബീർ രാജകുമാരൻ, രാഷ്ട്രീയ കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, ജോർദാനിലെ സൗദി അംബാസഡർ നായിഫ് അൽസുദൈരി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജോർദാൻ, ഈജിപ്ത്, യു.എ.ഇ, ഖത്തർ വിദേശ മന്ത്രിമാരും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും ഏകോപന യോഗത്തിൽ പങ്കെടുത്തു.
ഏകോപന യോഗത്തിൽ പങ്കെടുത്ത വിദേശ മന്ത്രിമാരുമായി ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ് കൂടിക്കാഴ്ച നടത്തി. ഗാസയിലെ ഗുരുതരമായ സംഭവവികാസങ്ങളിൽ അന്താരാഷ്ട്ര സമൂഹവുമായി ഒരേ സ്വരത്തിൽ സംസാരിക്കാൻ അറബ് ഏകോപനം തുടരേണ്ടതിന്റെ ആവശ്യകത ജോർദാൻ രാജാവ് ഊന്നിപ്പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കാനും ഗാസയിൽ തുടർച്ചയായി സഹായങ്ങൾ എത്തിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തിനും വൻ ശക്തികൾക്കു മേലും സമ്മർദം ചെലുത്തേണ്ടത് അറബ് രാജ്യങ്ങളുടെ കടമയാണ്. സൈനിക, സുരക്ഷാ പോംവഴികൾ ഫലസ്തീൻ, ഇസ്രായിൽ സംഘർഷം അവസാനിപ്പിക്കുന്നതിൽ വിജയിക്കില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരം മാത്രമാണ് സംഘർഷം അവസാനിപ്പിക്കാനുള്ള ഏക മാർഗം. ഗാസയെയും വെസ്റ്റ് ബാങ്കിനെയും വേർപ്പെടുത്താനുള്ള ഒരു ശ്രമങ്ങളും ജോർദാൻ ഒരിക്കലും അംഗീകരിക്കില്ലെന്നും അബ്ദുല്ല രണ്ടാമൻ രാജാവ് പറഞ്ഞു.