ഭൂപേഷ് ബാഗലിന്റെ ദുബായ് ബന്ധമെന്ത്, തെരഞ്ഞെടുപ്പ് റാലിയില്‍ ആഞ്ഞടിച്ച് മോഡി

ന്യൂദല്‍ഹി- വാതുവെപ്പ് ആപ്പ് ഇടപാടില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഛത്തീസ്ഗഡിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടില്ലെന്ന് ദര്‍ഗില്‍ നടന്ന റാലിയില്‍ സംസാരിക്കവെ മോഡി ആരോപിച്ചു.
രണ്ട് ദിവസം മുന്‍പ് റായ്പുരില്‍ വലിയ ഓപറേഷന്‍ നടന്നു. കറന്‍സി നോട്ടുകളുടെ വന്‍ ശേഖരം കണ്ടെത്തി. ചൂതാട്ടക്കാരുടെയും വാതുവെപ്പുകാരുടെയും പണമാണിതെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ കൊള്ളപ്പണംകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീട് നിറക്കുകയാണ്. കുറ്റാരോപിതരായ ദുബായിലെ ആളുകളുമായി എന്തു ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും മോഡി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ അഴിമതിയും ഏജന്‍സികള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ അഴിമതിക്ക് ക്ഷാമമില്ല. നേതാക്കളുടെ മക്കള്‍ക്ക് ജോലി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് ജോലി നിഷേധിക്കുന്നതിനുമാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

 

Latest News