ജിദ്ദ- ഓട്ടിസം ബാധിച്ച കുട്ടിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയ മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. ഓട്ടിസമുള്ള മകളെ ജനലില്‍ കെട്ടിയിട്ട് ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായ ബിന്ദു എന്ന അമ്മയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും ജീവിതം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നുമ്പറമ്പിലാണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് ഒളിവിലാണെന്നാണ് ഫിറോസ് ഇന്ന് ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റിലും വിഡിയോ കോളിലും വൈകൃതം പ്രകടിപ്പിച്ച യുവാവ് ഒരു സൗദി പൗരന്റെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചിരുന്നത്. സൗദി പൗരനുമായും സൗദി മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിയ മലയാളിയുടെ സഹോദരനുമായും ചിലര്‍ ബന്ധപ്പെട്ടതായി ഫിറോസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഫിറോസ് പറഞ്ഞു.
ബിന്ദു നല്‍കിയ പരാതിയില്‍ കേരള പോലീസ് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. ബിന്ദുവിന്റെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഇനി ആരുടെ മുമ്പിലും കൈനീട്ടേണ്ടി വരില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ബിന്ദുവിന്റേയും മകള്‍ ശ്രീലക്ഷ്മിയുടേയും ദുരിതം സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായതോടെയാണ് നിരവധി പേര്‍ സഹായ ഹസ്തം നീട്ടിയത്. ഇങ്ങനെ സഹായം വാഗ്ദാനം ചെയ്തവരില്‍ ഒരാളാണ് വൈകൃത സ്വഭാവം പുറത്തെടുത്തത്. വാട്‌സആപ്പിലൂടെ സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ ബിന്ദു പോലീസില്‍ പരാതി നല്‍കിയിരിക്കയാണ്. സൗദിയില്‍നിന്ന് വിളിച്ച നമ്പറും ചാറ്റും സഹിതമുള്ള വിവരങ്ങള്‍ അവര്‍ പരസ്യപ്പെടുത്തുകയും ചെയ്തു.