ഗാസ- ഗാസ മുനമ്പിലെ അസ്ഹർ യൂണിവേഴ്‌സിറ്റി ഇസ്രായിൽ സൈന്യം ബോംബാക്രമണത്തിലൂടെ തകർത്തു. യൂണിവേഴ്‌സിറ്റി പൂർണമായും സൈന്യം നാമാവശേഷമാക്കി. സ്‌കൂളുകൾ, അഭയകേന്ദ്രങ്ങൾ, ആശുപത്രി പ്രദേശങ്ങൾ, ആംബുലൻസുകൾ എന്നിവ ലക്ഷ്യമാക്കി ഗാസയിൽ ഇസ്രായിൽ ബോംബാക്രമണം ശക്തമാക്കി. ജബാലിയ അഭയാർത്ഥി ക്യാമ്പിലെ സ്‌കൂളിൽ നടത്തിയ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ഗാസ സിറ്റിയിൽ ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രായിലിൽ വർക്ക് പെർമിറ്റുള്ള ആയിരകണക്കിന് ഗാസക്കാരെ ഇന്നലെ ഇസ്രായിലിൽനിന്ന് തിരിച്ചയച്ചതായി ഗാസ ക്രോസിംഗ് അതോറിറ്റി മേധാവി ഹിഷാം അദ്‌വാൻ വാർത്താ എജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. നിരവധി പേർ തെക്കൻ ഗാസയിലെ കരേം അബു സലേം ക്രോസിംഗിലൂടെ കടന്നുപോകുന്നതായി കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണയായി ചരക്കുകൾ പോകാൻ മാത്രമാണ് ഈ അതിർത്തി ഉപയോഗിക്കുന്നത്. യുദ്ധത്തിന് മുമ്പ്, 18,500 ഗാസക്കാർക്ക് ഇസ്രായേലി വർക്ക് പെർമിറ്റ് ഉണ്ടായിരുന്നുവെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗാസക്കാരെ തിരിച്ചയച്ച സംഭവത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. അവരെ തിരിച്ചയക്കുകയാണ്. അവരെ എവിടേക്കാണ് അയക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് പോകാൻ ഒരു വീട് പോലുമില്ലെന്നും ഓഫീസ് അറിയിച്ചു. ഗാസയിൽ ഇസ്രായിൽ കൊലപ്പെടുത്തിയവരുടെ എണ്ണം 9227 ആയി ഉയർന്നതായി ഗാസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 3,826 കുട്ടികളും 2,405 സ്ത്രീകളുമുണ്ട്. 32,500 പേർക്ക് പരിക്കേറ്റു.
24 മണിക്കൂറിനുള്ളിൽ ഗാസയിലെ തങ്ങളുടെ നാല് അഭയകേന്ദ്രങ്ങളിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി യു.എന്നിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്യു.എ അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതൽ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായിയൽ സൈന്യം പത്തു ഫലസ്തീനികളെ കൊന്നു. ഗാസയിൽ, ബെയ്ത് ലാഹിയയിലെ സെമിത്തേരിയിൽ ശ്മശാന തൊഴിലാളികൾക്ക് നേരെ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ പത്തു ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഒരു ഡസൻ കാൻസർ രോഗികൾ ആശുപത്രി അടച്ചുപൂട്ടൽ മൂലം മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. വടക്കൻ ഗാസയിൽനിന്ന് തെക്കോട്ട് പലായനം ചെയ്യുകയായിരുന്ന 14 ഫലസ്തീനികൾ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്മാർക്കെതിരെ ഇസ്രായിൽ പുതിയ കൂട്ടക്കൊല നടത്തുകയും സ്ത്രീകളും കുട്ടികളുമടക്കം പതിനാലു പേരെ കൊന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽഖുദ്ര പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലേക്കുള്ള സഹായം വർധിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും സമയം അനുവദിക്കുന്നതിനായി ഗാസയിലെ ഹമാസുമായുള്ള യുദ്ധത്തിൽ മാനുഷികമായ ഇടവേളകൾ അനുവദിക്കണമെന്ന് ഇസ്രായിൽ നേതാക്കളോട് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ആന്റണി ബ്ലിങ്കൻ മിഡിലീസ്റ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇസ്രയേലിന്റെ യുദ്ധ കാബിനറ്റുമായും ഇക്കാര്യം ചർച്ച ചെയ്തുവെന്നും ബ്ലിങ്കൻ പറഞ്ഞു. എന്നാൽ വെടിനിർത്തൽ ആഹ്വാനം അമേരിക്ക നിരസിച്ചു.