Sorry, you need to enable JavaScript to visit this website.

മന്ത്രിയാകാൻ ഒരുങ്ങി ഗണേഷ്‌കുമാർ; മന്ത്രിസഭാ പുനഃസംഘടന ഉടനെ വേണമെന്ന് കേരളാ കോൺഗ്രസ് ബി

തിരുവനന്തപുരം - രണ്ടാം പിണറായി സർക്കാറിലെ മന്ത്രിസഭയുടെ പുനഃസംഘടന ഉടനെ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) ഇടതു മുന്നണിക്ക് കത്ത് നൽകി. നവകേരള സദസിന് മുമ്പ് തന്നെ പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ ആവശ്യം. കേരളാ കോൺഗ്രസ് ബി ജനറൽസെക്രട്ടറി വേണുഗോപാലൻ നായരാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കത്ത് നൽകിയത്. 
 മുൻ ധാരണ പ്രകാരം നവംബറിൽ പത്തനാപുരം എം.എൽ.എയും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും പാർട്ടിയുമുള്ളത്. മന്ത്രിമാരായ ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരക്കാരായി തുടർന്നുള്ള രണ്ടര വർഷം കെ.ബി ഗണേഷ്‌കുമാറിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിമാരാക്കും എന്നതാണ് മുന്നണിയിലെ ധാരണ. ഇത് നടപ്പാക്കണമെന്നാണ് കേരള കോൺഗ്രസ് ബിയുടെ അടിയന്തര ആവശ്യം. 
 എന്നാൽ, കടന്നപ്പള്ളി രാമചന്ദ്രനെ മന്ത്രിയാക്കുന്നതിൽ മുന്നണിയിലെ എല്ലാവരും ഒറ്റക്കെട്ടാണെങ്കിലും ഗണേഷ്‌കുമാറിന്റെ കാര്യത്തിൽ പലർക്കും പല നീരസങ്ങളുമുണ്ട്. മുന്നണി വാഗ്ദാനം എന്ന നിലയ്ക്ക് ഗണേഷിന് നൽകിയ ഉറപ്പ് പാലിക്കാൻ ബാധ്യതയുണ്ടെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട കുടുംബ പ്രശ്‌നങ്ങളും സോളാർ വിവാദവുമായി ബന്ധപ്പെട്ട കേസുകളും ഭാവിയിൽ തലവേദനയാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ പലർക്കും ആശങ്കകളുണ്ട്.

Latest News