പാര്‍ട്ടി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയം സെമിനാറില്‍ പങ്കെടുത്തു

തിരുവനന്തപുരം - പാര്‍ട്ടി വിലക്ക് വകവെയ്ക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തു. പാര്‍ട്ടി വിലക്കുള്ള കാര്യം പരസ്യമായി പറയുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാല്‍ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ വിഷയത്തിലെ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിരുന്നെന്ന് മണിശങ്കര്‍ അയ്യര്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ താന്‍ കേരളീയം വേദിയിലെത്തിയത് രാഷ്ട്രീയം പറയാനല്ല. രാജ്യത്ത് പഞ്ചായത്തീരാജ് എന്നത് രാജീവ് ഗാന്ധി മുന്നോട്ട് വച്ച ആശയമാണ്.  അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്. ഈ വിജയം കേരളത്തിലെ യുഡിഎഫിനും എല്‍ ഡി എഫിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് കോണ്‍ഗ്രസ് മനസിലാക്കുമെന്നും സെമിനാറില്‍ പങ്കെടുത്തതിന് എതിരെ നടപടി ഉണ്ടാകില്ലെന്നും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News