Sorry, you need to enable JavaScript to visit this website.

യൂറോപ്പിലെ ആദ്യ യുദ്ധമുണ്ടായത്  5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് -ഗവേഷകര്‍

ലണ്ടന്‍-യൂറോപ്പിലെ വന്‍ യുദ്ധങ്ങള്‍ ആരംഭിച്ചത് ഇന്നും ഇന്നലെയുമൊന്നുമല്ല, ആദ്യത്തെ യുദ്ധമുണ്ടായത് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പെന്ന് ഗവേഷകര്‍. നേരത്തെ കരുതിയിരുന്നതിനേക്കാളും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്. സ്പെയിനിലെ ഒരു സൈറ്റില്‍ നിന്നും കുഴിച്ചെടുത്ത 300 -ലധികം അസ്ഥികൂട അവശിഷ്ടങ്ങള്‍ വീണ്ടും വിശകലനം ചെയ്തതിലൂടെയാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്.
ഈ യുദ്ധത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു എന്നും ഗവേഷകര്‍ പറയുന്നു. ഏകദേശം 9,000 മുതല്‍ 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് വളരെ വളരെ ചെറിയ അറിവ് മാത്രമാണ് ഗവേഷകര്‍ക്കുള്ളത്. യൂറോപ്പിലെ ആദ്യകാല യുദ്ധങ്ങള്‍ ഏകദേശം 4,000 മുതല്‍ 2,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെങ്കലയുഗത്തിലാണ് നടന്നിരിക്കുക എന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍, യൂറോപ്പിലെ ആദ്യകാല യുദ്ധങ്ങളെ കുറിച്ച് പുതിയ ചില കണ്ടെത്തലുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
വടക്കന്‍ സ്പെയിനിലെ റിയോജ അലവേസ മേഖലയിലെ ആഴം കുറഞ്ഞ ഗുഹയിലുള്ള ഒരു കൂട്ട ശ്മശാനസ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ പുനപരിശോധിച്ചിരിക്കുന്നത്. അതില്‍, പരിക്കേറ്റവരും പുരുഷന്മാരുമാണ് അധികമുള്ളത് എന്ന് പറയുന്നു. മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന്റെ ഭാഗമായിട്ടായിരിക്കാം ഈ പരിക്കുകളുണ്ടായിരിക്കുന്നത് എന്നാണ് ഗവേഷകര്‍ ഇപ്പോള്‍ അനുമാനിക്കുന്നത്.
ഇതുവരെ ഗവേഷകര്‍ പറഞ്ഞിരുന്നത് ഇരുപതോ മുപ്പതോ ആളുകള്‍ മാത്രം ഉള്‍പ്പെട്ട ചെറിയ തരത്തിലുള്ള സംഘര്‍ഷങ്ങളായിരിക്കാം അന്ന് നടന്നിട്ടുള്ളത് എന്നായിരുന്നു. വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യം അന്നില്ലായിരുന്നു എന്നും ഗവേഷകര്‍ അനുമാനിച്ചു. എന്നാല്‍, ഏറ്റവും ഒടുവിലായി നടന്ന പഠനത്തില്‍ ഗവേഷകര്‍ പുന:പരിശോധിച്ചത് 338 പേരുടെ അവശിഷ്ടങ്ങളിലെ ഭേദപ്പെട്ടതും ഭേദപ്പെടാത്തതുമായ പരിക്കുകളാണ്. ഇവിടെ നിന്നും കിട്ടിയ അന്നത്തെ ചില ആയുധങ്ങളും അവര്‍ പരിശോധിച്ചു.
വിശകലനത്തില്‍ 23 ശതമാനം പേര്‍ക്ക് അസ്ഥിക്ക് പരിക്കേറ്റിരുന്നതായി കണ്ടെത്തി. അതില്‍ 10 ശതമാനം പേരുടെ പരിക്കും ഭേദമാകാത്തതായിരുന്നു. അതുപോലെ, ഏകദേശം 74 ശതമാനം ഭേദപ്പെടാത്ത പരിക്കുകളും 70 ശതമാനം ഭേദപ്പെട്ട പരിക്കുകളും ചെറുപ്പക്കാരിലോ മുതിര്‍ന്ന പുരുഷന്മാരിലോ ആണെന്നും പഠനത്തില്‍ കണ്ടെത്തി. ഇതെല്ലാം അവിടെ നടന്നിരുന്നത് മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധമായിരിക്കാം എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍, ഈ യുദ്ധം എന്തിന് വേണ്ടിയായിരിക്കാം എന്ന് കണ്ടെത്താനായിട്ടില്ല. നവീനശിലായുഗത്തിന്റെ അവസാനകാലത്തുണ്ടായിരുന്ന വിവിധ കള്‍ച്ചറല്‍ ഗ്രൂപ്പുകള്‍ക്കിടയിലുണ്ടായിരുന്ന ആശങ്കകളടക്കം വിവിധ കാരണങ്ങള്‍ ഗവേഷകര്‍ സംശയിക്കുന്നുണ്ട്.
സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരും ഈ പഠനത്തിന്റെ ഭാ?ഗമാണ്.

Latest News