നവദമ്പതികളെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവ് അറസ്റ്റില്‍

തൂത്തുക്കുടി - തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികളെ അക്രമികള്‍ വെട്ടിക്കൊന്നത് യുവതിയുടെ പിതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ദുരഭിമാനക്കൊലയാണിതെന്ന് പോലീസ് പറഞ്ഞു.  പ്രണയ വിവാഹത്തിന്റെ മൂന്നാം നാളില്‍ നവദമ്പതികളെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. 24 വയസുകാരനായ മാരിസെല്‍വവും 20വയസുള്ള കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു മാരി സെല്‍വവും കാര്‍ത്തികയും. ഒരേ ജാതിയില്‍പെട്ടവരെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാല്‍ കാര്‍ത്തികയുടെ അച്ഛന്‍ ബന്ധത്തെ എതിര്‍ത്തു. വീട്ടിലെ മൂന്ന് പെണ്മക്കളില്‍ മൂത്തയാളായ കാര്‍ത്തിക കഴിഞ്ഞ തിങ്കളാഴ്ച വീട് വീട്ടിറങ്ങി. മാരിക്കൊപ്പം പോലീസ് സംരക്ഷണം തേടി കോവില്‍പ്പെട്ടി സ്റ്റേഷനില്‍ എത്തിയതിനു പിന്നാലെ വിവാഹം രജിസ്റ്റര്‍ ചെയ്തു. നവദമ്പതികള്‍ മാരിയുടെ വീട്ടില്‍ താമസിച്ചു തുടങ്ങി മൂന്നാം നാള്‍ വൈകീട്ടാണ് ആക്രമി സംഘം എത്തിയത്. മൂന്ന് ബൈക്കുകളില്‍ എത്തിയ ആറ് പേര് ഇവരുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ടു അയല്‍ക്കാര്‍ ഓടി എത്തുമ്പോഴേക്കും ആക്രമി സംഘം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു.കാര്‍ത്തികയുടെ അച്ഛനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തത്തോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒളിവില്‍ പോയ കൊലയാളികളെ കണ്ടെത്താന്‍ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി തൂത്തുക്കൂടി എസ്.പി പറഞ്ഞു.

 

Latest News