Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിൽ ജംബോ-747 സർവീസിന്  മുൻഗണന നൽകി എയർഇന്ത്യ റിപ്പോർട്ട് 

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജംബോ  747 വിമാന സർവീസ് നടത്തുന്നതിന് അനുകൂല നിലപാടുമായി എയർ ഇന്ത്യ. കരിപ്പൂരിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ എയർഇന്ത്യ സംഘം റൺവേയും റൺവേ ഏപ്രണും പരിശോധിച്ച് എയർപോർട്ട് അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. 
ബോയിംഗ് 77-300, ഡ്രീം ലൈനർ വിഭാഗത്തിൽ പെട്ട വിമാനങ്ങൾ നിലവിൽ വിവിധ മേഖലകളിൽ സർവീസ് നടത്തുന്നതിനാൽ 524 പേർക്ക് സഞ്ചരിക്കാവുന്ന ജംബോ 747 വിമാനം കരിപ്പൂരിൽ സർവീസ് നടത്താനാണ് എയർഇന്ത്യ മുൻഗണന നൽകിയത്. 2002-ൽ ഹജ് സർവീസിനായി റൺവേയിൽ പറന്നിറങ്ങിയ വിമാനമാണിത്. എയർ ഇന്ത്യക്ക് ജംബോ 747 വിഭാഗത്തിൽ പെട്ട മൂന്ന് വിമാനങ്ങളുണ്ട്. ഇവയുമായി കരിപ്പൂർ-ജിദ്ദ, റിയാദ് സർവീസ് പുനരാരംഭിക്കാനാണ് ആലോചന. വിമാനവും പൈലറ്റ് ഉൾപ്പെടെയുളള ജീവനക്കാരുമുണ്ട്. വലിയ വിമാനങ്ങൾ പറത്തുന്ന വൈമാനികർ ചെറിയ വിമാനവും ചെറിയ വിമാനം പറത്തുന്നവർ വലിയവയും ഉപയോഗിക്കില്ല. ഇതിനാലാണ് വിമാനവും ജീവനക്കാരുമുളള ജംബോ 747 വിമാനത്തിന് കരിപ്പൂരിൽ മുൻതൂക്കം നൽകുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണുളളത്.
വലിയ വിമാനങ്ങൾ സർവീസിനെത്തിക്കുന്നതിന്റെ മുന്നോടിയായുളള പരിശോധനയാണ് എയർ ഇന്ത്യ കരിപ്പൂരിൽ പൂർത്തീകരിച്ചത്. ഇതിന്റെ ഭാഗമായാണ് വിമാനങ്ങൾ നിർത്തുന്ന റൺവേ ഏപ്രൺ മുഴുവൻ പരിശോധിച്ചത്. ഇതിൽ ഒരിടത്ത് 20 ശതമാനം ചെരിവുളളതായി എഞ്ചിനീയറിംഗ് വിഭാഗം പരിശോധനയിൽ കണ്ടെത്തി. കരിപ്പൂരിൽ യാത്രക്കാരുമായി വിമാനം പറന്നുയരാൻ റൺവേയിലേക്ക് നീക്കി കൊണ്ടുപോകുന്നത് പുഷ്പാക്ക് ട്രാക്ടർ ഉപയോഗിച്ചാണ്. ചെറിയ വിമാനങ്ങളേക്കാളും ഏപ്രൺ പ്രതലം ജംബോ വിമാനങ്ങൾക്ക് നേരെയാവണം. എന്നാൽ മറ്റുളള ഏപ്രണുകൾക്ക് പ്രശ്‌നമില്ല. ഇതിനാൽ വലിയ വിമാനങ്ങൾക്ക് ഇവിടെ പ്രയോജനപ്പെടുത്താം. ജംബോ വിമാനത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ മാത്രം ഡ്രീം ലൈനർ ഉപയോഗിച്ച് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തും.
വിമാന കമ്പനിയുടെ അനുകൂല റിപ്പോർട്ടിന് ഇനി ഡി.ജി.സി.എ അനുമതി നൽകണം. ഇത് സംബന്ധിച്ച റിപ്പോർട്ട് എയർപോർട്ട് അതോറിറ്റിയും അടുത്ത ദിവസം കൈമാറും. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ ഉപയോഗിക്കുന്നത് വഴി സർവീസുകൾ കുറക്കാനും സാധിക്കുമെന്നാണ് എയർഇന്ത്യയുടെ കണക്ക് കൂട്ടൽ. യാത്രക്കാർക്ക് പുറമെ കാർഗോ കയറ്റുമതിയും കൂടുതൽ കാര്യക്ഷമമാക്കാനാകും. 
ജിദ്ദ, റിയാദ് സെക്ടറിലാണ് എയർ ഇന്ത്യ സർവീസിനൊരുങ്ങുന്നത്. ജംബോ സർവീസിന് ഡി.ജി.സി.എയിൽ നിന്ന് അനുമതി ലഭിച്ചാൽ രണ്ടു മാസത്തിനുളളിൽ സർവീസ് ആരംഭിക്കാനാകും.

 

Latest News