വാഷിംഗ്ടണ്‍- ഗാസയില്‍ പരസ്യമായ വെടിനിര്‍ത്തിലിന് ആഹ്വാനം ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ശക്തമായതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍നിന്ന് പുറത്തുവരുന്ന കൂട്ടമരണങ്ങളുടേയും തകര്‍ച്ചയുടേയും ചിത്രങ്ങള്‍ തങ്ങളേയും ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കക്ക് ബോധ്യമായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രായില്‍ തുടരുന്ന യുദ്ധത്തിന്റെ ഗതി മാറ്റാനും വെടിനിര്‍ത്തലിന് പരസ്യമായി ആഹ്വാനം ചെയ്യാനുമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം വര്‍ധിച്ച സമ്മര്‍ദ്ദം നേരിടുന്നത്.
ഉടന്‍ തന്നെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ വൈറ്റ് ഹൗസ് നിര്‍ബന്ധിതരാകുമെന്നാണ് ബൈഡന്റെ അടുത്ത ഉപദേഷ്ടാക്കള്‍ വിശ്വസിക്കുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.