VIDEO ഇസ്രായില്‍ പട്ടാളത്തെ വെള്ളം കുടിപ്പിച്ച് ഗാസയിലെ തുരങ്ക ശൃംഖല

ടെല്‍അവീവ്- ഗാസയെ തങ്ങളുടെ പട്ടാളക്കാര്‍ വളഞ്ഞുവെന്ന് ഇസ്രായില്‍ അവകാശപ്പെടുമ്പോഴും ഗാസയിലെ തുരങ്കങ്ങള്‍ അവര്‍ക്ക് വലിയ വെല്ലുവിളിയായി തുടരുന്നു. 130 ഹമാസ് പോരാളികളെ വധിച്ചുവെന്നും ഗാസയെ പൂര്‍ണമായും വളഞ്ഞുവെന്നുമാണ്
ഇസ്രായില്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് റിയര്‍ അഡ്മറില്‍ ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ഹമാസിന്റെ സുപ്രധാന തുരങ്ക ശൃംഖല ഇസ്രായില്‍  സേനയുടെ നീക്കത്തെ ബാധിച്ചുകൊണ്ടിരിക്കയാണ്. ഭൂമിയിലെ ദ്വാരങ്ങളില്‍ മറഞ്ഞിരുന്ന് വിജയകരമായ ആക്രമണം നടത്താനുള്ള വൈദഗ്ധ്യം ഹമാസിനുണ്ട്.
തുരങ്കങ്ങളുടെ വിശാലമായ ശൃംഖല നശിപ്പിക്കാന്‍ സവിശേഷ മാര്‍ഗങ്ങള്‍ തയ്യാറാക്കുകയാണെന്നാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നത്. എല്ലാ തുരങ്കങ്ങളിലും എത്തിച്ചേരാനും അവ ഭൂമിക്കടിയിലൂടെ പൊളിക്കാനും സവിശേഷ പരിഹാരമുണ്ടെന്നും അതു ചെയ്യുമെന്നും അദ്ദേഹം സൈന്യത്തിലെ  എഞ്ചിനീയറിംഗ് യൂണിറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഞങ്ങള്‍ എല്ലായിടത്തും എത്തും. തുടര്‍ന്ന് തീവ്രവാദികള്‍ക്ക് മുന്നില്‍ രണ്ട് വഴികളാണ്ടാവുക. ഒന്നുകില്‍ തുരങ്കത്തില്‍ മരിക്കുക അല്ലെങ്കില്‍ പുറത്തുകടക്കുക. സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുക, അല്ലെങ്കില്‍ നിരുപാധികം കീഴടങ്ങുക- അദ്ദേഹം പറഞ്ഞു.

തുരങ്കങ്ങളിലേക്ക് വാതകം കയറ്റാന്‍ ഇസ്രായില്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അവിശ്വസനീയവും സാധിക്കാത്തതുമാണന്ന് കരുതി തള്ളിക്കളയുകയും ചെയ്തിരുന്നു.
തുരങ്കങ്ങളിലേക്ക് വാതകം വിട്ടാല്‍ അവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന ഇസ്രായേലികളും വിദേശികളും കൊല്ലപ്പെടാനുള്ള സാധ്യതയുമുണ്ട്. സജീവമായ യുദ്ധഭൂമിയില്‍ തുരങ്കങ്ങളില്‍ ഇത്രയും വലിയ അളവില്‍ രാസായുധങ്ങളോ നാഡീ വാതകങ്ങളോ എത്തിക്കാന്‍ ശ്രമിക്കുന്നത് സൈനികര്‍ക്കും വളരെ അപകടകരമാണ്. കിലോമീറ്ററുകള്‍ നീളുന്ന തുരങ്കങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിശാലമായ ഭൂഗര്‍ഭ ശൃംഖലയിലുടനീളം ഫലപ്രദമാകാന്‍ വേണ്ടത്ര വാതകം പമ്പ് ചെയ്യാന്‍ കഴിയുമോ എന്നതാണ് മറ്റൊരു ചോദ്യം.
അതേസമയം, വെടിനിര്‍ത്തണമെന്ന വൈറ്റ് ഹൗസിന്റെ പുതിയ ആഹ്വാനത്തെ കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണം നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിക്കുമെന്നാണ് സൂചന.

 

Latest News