ജയ്പൂര്‍- രാജസ്ഥാനിലെ ലാല്‍ഗഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയും കടന്നു പോയി വിമാനത്താവളത്തിന്റെ അതിര്‍ത്തി മതിലില്‍ ഇടിച്ചു നിന്നു. ജയ്പൂരില്‍ നിന്നും ഇവിടെ ഇറങ്ങിയ സുപ്രീം എയര്‍ലൈന്‍സിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഏഴു യാത്രക്കാരും രണ്ടു പൈലറ്റുമാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 3,000 അടി നീളമുള്ള റണ്‍വേയും കടന്നു പോകുകയായിരുന്നു വിമാനം. മുന്‍വശം ചുറ്റുമതിലില്‍ ഇടിച്ചാണ് നിന്നത്. വിമാനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എയര്‍സ്ട്രിപ്പിലെ പക്ഷിക്കൂട്ടം കാരണമാണ് വിമാനം റണ്‍വേയ്ക്കു പുറത്തേക്കു പോയതെന്ന് പൈലറ്റുമാര്‍ പറയുന്നു. സംഭവം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡി.ജി.സി.എ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡി.ജി.സി.എ വ്യോമയാന സുരക്ഷാ വിഭാഗം അന്വേഷിക്കും.