അയോധ്യ- ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ താല്‍ക്കാലിക ക്ഷേത്രത്തില്‍നിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാല്‍നടയായി ശ്രീരാമ വിഗ്രഹം വഹിച്ചുകൊണ്ടുപോകുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരിക്കുമെന്നു സൂചന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് മഠത്തിന്റെ പ്രധാന പുരോഹിതനുമായ യോഗി ആദിത്യനാഥും നരേന്ദ്രമോഡിയെ അനുഗമിക്കും. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും കൂടെയുണ്ടാലുമെന്നാണ് വിവരം.
പ്രോട്ടോക്കോളുകള്‍ മറികടന്ന് 500 മീറ്ററോളം വിഗ്രഹം കൈകളിലേന്തിയാണ് പ്രധാനമന്ത്രി നടക്കുക. വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുന്‍പു നടക്കുന്ന പ്രാണ പ്രതിഷ്ഠയില്‍ പ്രധാനമന്ത്രിയാവും ചുമതല വഹിക്കുകയെന്നും സൂചനയുണ്ട്. തുടര്‍ന്നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ പുരോഹിതന്മാര്‍ പങ്കെടുക്കും. പുണ്യനദികളില്‍നിന്നുള്ള ജലം ഉപയോഗിച്ച് ജലധാരയും നടത്തി പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുക. മൂന്നു വിഗ്രഹങ്ങളാണ് ട്രസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ ഏതാണു പ്രതിഷ്ഠിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.






