ടെല്‍ അവീവ്- ഫലസ്തീന്‍ ജനത്‌ക്കെതിരെ 76 വര്‍ഷമായി തുടരുന്ന 'വംശഹത്യ' ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് ഇസ്രായില്‍ കമ്മിറ്റി എഗെയ്ന്‍സ്റ്റ് ഹൗസ് ഡെമോളിഷന്‍സ് (ഐ.സി.എ.എച്ച്.ഡി) ആഹ്വാനം ചെയ്തു. ഐ.സി.എ.എച്ച്.ഡി ഡയറക്ടര്‍ ജെഫ് ഹാല്‍പ്പര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആഹ്വാനം.
'നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന ഗാസയിലേയും അവിടത്തെ ജനങ്ങളുടെയും നാശം സയണിസത്തിന്റെ യഹൂദ ഫലസ്തീനിലേക്കുള്ള മുന്നേറ്റത്തിലെ ഏറ്റവും പുതിയതും ദുരന്തപൂര്‍ണവുമായ അധ്യായം മാത്രമാണ് -സംഘടന പറഞ്ഞു. 'ഇതിനൊപ്പം വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാരും സൈനികരും ചേര്‍ന്ന് നടത്തുന്ന ഫലസ്തീനികളുടെ അക്രമാസക്തമായ വംശീയ ഉന്മൂലനവും ചേര്‍ത്തു വായിക്കണം. ഇത് വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ്.'
ഇസ്രായിലിന്റെ ഗാസക്കെതിരായ ആക്രമണവും നിരപരാധികളായ ഇസ്രായിലികളെ ഹമാസ് കൊലപ്പെടുത്തിയതും യുദ്ധക്കുറ്റങ്ങളാണെന്ന് കമ്മിറ്റി വിശേഷിപ്പിച്ചു. 1947 മുതലുള്ള ഫലസ്തീന്‍ ജനതയുടെ വ്യവസ്ഥാപിത നാശം വീക്ഷിക്കുകയാണെങ്കില്‍ പുറത്തുവരുന്നത് വംശഹത്യയുടെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.