ഇ. ഡിയും സി. ബി. ഐയും ഇന്‍കം ടാക്‌സും ബി. ജെ. പിയുടെ മുന്നണിപ്പോരാളികളെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ബി. ജെ. പിയുടെ മുന്നണിപ്പോരാളികളാണ് ഇ. ഡിയും സി. ബി. ഐയും ഇന്‍കം ടാക്‌സ് വകുപ്പുമെന്ന് കോണ്‍ഗ്രസ്. എ. ഐ. സി. സി ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് ബി. ജെ. പി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ. ഡിയേയും സി. ബി. ഐയേയും ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

അഴിമതിയും കോഴയും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ട ഉദ്യോഗസ്ഥര്‍ അഴിമതിക്കേസില്‍ പിടിയിലാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇ. ഡി ഓഫിസര്‍ രാജസ്ഥാനില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. താഴേക്കിടയിലുള്ള ഓഫിസര്‍മാര്‍ക്ക് 15,000 രൂപ ലഭിക്കുന്നുവെങ്കില്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് എത്ര വലിയ തുകയായിരിക്കും ലഭിക്കുകയെന്നും മോഡി സര്‍ക്കാര്‍ ഈ വില പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പരിഹസിച്ചു.

ഇ. ഡിയും സി. ബി. ഐയും ഇന്‍കം ടാക്‌സ് വകുപ്പും ബി. ജെ. പിയുടെ സര്‍ക്കാര്‍ പ്രചാരകരാണ്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി എങ്ങനെയെങ്കിലും എന്‍. ഡി. എയില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 

രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ശക്തവും ഭയരഹിതരുമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്ത പവന്‍ ഖേര പ്രതിപക്ഷത്തു തുടരുന്ന നേതാക്കളെയെല്ലാം അഴിമതിയുടെ പേരില്‍ വേട്ടയാടാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍ എത്ര അഴിമതി ആരോപണങ്ങളുണ്ടെങ്കിലും ബി. ജെ. പിയില്‍ ചേരുന്നതിന് പിന്നാലെ പരിശുദ്ധരായി മാറുമെന്നും പരിഹസിച്ചു. അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ നിസ്സഹായരാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

Latest News