ഗാസ- ഗാസയില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെയിട്ടത് രണ്ട് അണുബോംബുകള്‍ക്ക് തുല്യമായ ബോംബ്. ഗാസ മുനമ്പില്‍ ഇസ്രായില്‍ 25,000 ടണ്ണിലധികം സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചതായി യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗാസ മുനമ്പിലെ 12,000 ലധികം ലക്ഷ്യങ്ങളില്‍ ബോംബാക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം സമ്മതിച്ചതായി മനുഷ്യാവകാശ സംഘം പറഞ്ഞു. ഓരോ ഗാസക്കാരനും മേല്‍ ശരാശരി 10 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പ്രയോഗിച്ചു.
1945 ഓഗസ്റ്റില്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആണവ ബോംബുകളുടെ ഭാരം ഏകദേശം 15,000 ടണ്‍ ആണെന്ന് യൂറോ-മെഡ് മോണിറ്റര്‍ എടുത്തുപറഞ്ഞു. ഗാസയില്‍ വര്‍ഷിച്ച സ്‌ഫോടകവസ്തുക്കള്‍ അണുബോംബിന്റെ ഇരട്ടി ശക്തിയുള്ളതാണ്. ആണവ വികിരണം ഉണണ്ടാകുന്നില്ലെന്ന് മാത്രം.
'ഇതിനര്‍ഥം ഗാസയില്‍ വര്‍ഷിച്ച സ്‌ഫോടകവസ്തുക്കളുടെ വിനാശകരമായ ശക്തി ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിനേക്കാള്‍ കൂടുതലാണെന്നാണ്, യൂറോമെഡ് മോണിറ്റര്‍ പറഞ്ഞു.
ഇസ്രായില്‍ 150 മുതല്‍ 1,000 കിലോഗ്രാം വരെ ഭാരമുള്ള ബോംബുകളാണ് ഉപയോഗിക്കുന്നത്. ഗാസ നഗരത്തില്‍ മാത്രം പതിനായിരത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായില്‍ യുദ്ധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
ജനീവ ആസ്ഥാനമായുള്ള ഈ മനുഷ്യാവകാശ ഗ്രൂപ്പ് ഗാസ മുനമ്പിലെ ആക്രമണങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ആയുധങ്ങള്‍ ഇസ്രായില്‍ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ക്ലസ്റ്റര്‍, ഫോസ്ഫറസ് ബോംബുകളുടെ ഉപയോഗം. ഇത് മാരകമായ പൊള്ളലുകള്‍ക്ക് കാരണമാകും.