Sorry, you need to enable JavaScript to visit this website.

ലോകം കാണാത്ത വംശഹത്യ


ഒരു രാഷ്ട്രം ഒരു ജനതക്ക് മേൽ നടത്തുന്ന നരമേധത്തെ വംശഹത്യയെന്ന് വിളിക്കാൻ മടിച്ചുനിൽക്കുകയാണ് ഐക്യരാഷ്ട്രസഭ. ഒരു വിഭാഗത്തെ മുഴുവൻ നശിപ്പിക്കാനാണ് തങ്ങളുടെ യുദ്ധമെന്ന് ഇസ്രായിൽ ആവർത്തിച്ച് പറഞ്ഞിട്ടും അതിൽ വംശഹത്യാലക്ഷണം കാണാൻ രാജ്യാന്തര കൂട്ടായ്മക്ക് കഴിയുന്നില്ല. പാശ്ചാത്യരാജ്യങ്ങളുടെ പ്രതികരണത്തിലും അത് കാണുന്നില്ല. വിചിത്രവും ദയാരഹിതവുമായ നിലപാടുകളാണ് ഗാസ പ്രശ്‌നത്തിൽ ലോകരാഷ്ട്രങ്ങളുടേത്.

 

ഗാസയിലെ ആശുപത്രികളും ഭക്ഷണശാലകളും ഇസ്രായിൽ വീണ്ടും വീണ്ടും ആക്രമിക്കുന്നു. യുദ്ധക്കുറ്റം....യുദ്ധക്കുറ്റം എന്ന് നാലുപാടുനിന്നും നിലവിളികളുയർന്നിട്ടും അമേരിക്കയുടെ പൂർണ പിന്തുണയോടെയുള്ള ഇസ്രായിലിന്റെ നരനായാട്ടിന് തെല്ലും ശമനമില്ല. നയതന്ത്ര സമ്മർദങ്ങൾക്കും സമാധാനാഹ്വാനങ്ങൾക്കും പുല്ലുവിലയാണ് നെതന്യാഹുവും കൂട്ടരും കൽപിച്ചിരിക്കുന്നത്. ഉച്ചത്തിൽ ശബ്ദമുയർത്താൻ ഐക്യരാഷ്ട്രസഭ പോലും മറന്നുപോയിരിക്കുന്നു. പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിൽ നിസ്സഹായാവസ്ഥയിലാണ് അറബ് രാജ്യങ്ങളും.

ഗാസയിലെ യുദ്ധത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതികരണത്തെ തുടർന്ന് ഈ വാരാന്ത്യത്തിൽ യു.എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥനായ ക്രെയ്ഗ് മൊഖിബർ രാജിവെച്ചു. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വിലയിരുത്താൻ മറക്കാത്ത യു.എൻ, ഇസ്രായിലിനും അതേ മാനദണ്ഡങ്ങൾ ബാധകമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ന്യൂയോർക്ക് ഓഫീസിന്റെ ഡയറക്ടറായിരുന്ന മൊഖിബർ, ഗാസയിലെ ഇസ്രായിലിന്റെ സൈനിക നടപടികൾ 'ലക്ഷണമൊത്ത വംശഹത്യ'യാണെന്ന് ഒക്ടോബർ 28 ന് നൽകിയ തന്റെ രാജിക്കത്തിൽ എഴുതി. ചരിത്രരേഖയായി മാറുന്ന ആ രാജിക്കത്തിൽ യു.എൻ വീണ്ടും പരാജയപ്പെട്ടു എന്ന് ആരോപിച്ചു. ബോസ്‌നിയ, റുവാണ്ട, മ്യാൻമർ എന്നിവിടങ്ങളിൽ മുമ്പ് നടന്ന വംശഹത്യകളുമായാണ് ഗാസയിലെ ഫലസ്തീനി ഉന്മൂലനത്തെ അദ്ദേഹം തുലനം ചെയ്യുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകനായ മൊഖിബർ 1992 മുതൽ യു.എന്നിൽ ഉണ്ട്. മുമ്പ് അഫ്ഗാനിസ്ഥാനിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും മനുഷ്യാവകാശ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുമുണ്ട്. സാധാരണയായി വംശഹത്യ തെളിയിക്കുന്നതിനുള്ള ഏറ്റവും പ്രയാസകരമായ ഭാഗം അതിന്റെ ഉദ്ദേശ്യം പുറത്തുകൊണ്ടുവരലാണെന്ന് അദ്ദേഹം പറയുന്നു. ഒരു പ്രത്യേക വിഭാഗത്തെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യം തെളിയിക്കപ്പെടണം. ഈ സാഹചര്യത്തിൽ, ഇസ്രായിൽ നേതാക്കളുടെ ഉദ്ദേശ്യം വളരെ വ്യക്തമായി പ്രസ്താവിക്കുകയും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി, പ്രസിഡന്റ്, മുതിർന്ന കാബിനറ്റ് മന്ത്രിമാർ, സൈനിക നേതാക്കൾ എന്നിവർ അത് ആവർത്തിച്ചാവർത്തിച്ച് പറയുന്നു. അതിനാൽ തന്നെ വംശഹത്യ എന്നത് ആരോപണമല്ലെന്നും കൃത്യമായി തെളിയിക്കാൻ എളുപ്പമുള്ള വസ്തുതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

വംശഹത്യ എന്ന വാക്ക് ഉപയോഗിക്കാൻ യു.എൻ വിമുഖമാണ്. സെക്രട്ടറി ജനറലും അദ്ദേഹത്തിന്റെ ഓഫീസും വിശദീകരിക്കുന്നത് ആ പദം ഉപയോഗിക്കില്ല, അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നാണ്. എന്നാൽ മൊഖിബർ അത് തള്ളിക്കളയുന്നുണ്ട്. വളരെ ശക്തമായ തെളിവുകൾ കാണുന്നിടത്ത്  വംശഹത്യയെന്ന് വിളിക്കുന്നതിനെ എന്തിന് ഭയക്കുന്നു എന്നദ്ദേഹം ചോദിക്കുന്നു. യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ തിരിച്ചറിയാൻ ഐക്യരാഷ്ട്രസഭക്ക് കഴിയണം. ഗാസയിൽ സാക്ഷ്യം വഹിക്കുന്നത് സമ്പൂർണമായ വംശഹത്യാലക്ഷ്യത്തോടു കൂടിയ ആക്രമണമാണെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു. എന്നാൽ ആ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭക്ക് പ്രത്യേകമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ താൻ ഒരു സ്വതന്ത്ര പൗരനാണ്, യു.എൻ എന്റെ ബാധ്യതയല്ല. ഗാസയിലും പുറത്തും ഞാൻ കാണുന്നത് വംശഹത്യയാണെന്ന് പറയുന്നതിൽ ഒരു മനുഷ്യാവകാശ അഭിഭാഷകൻ എന്ന നിലയിൽ എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്- മൊഖിബർ പറയുന്നു.
സംഘർഷം അവസാനിച്ചതിന് ശേഷം, ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് മടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നതിൽ ഇനി കാര്യമില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന മന്ത്രം മാറിയെന്ന് തന്റെ രാജിക്കത്തിൽ മൊഖിബർ പറയുന്നു. ദ്വിരാഷ്ട്ര പരിഹാരം എന്നത് ഐക്യരാഷ്ട്രസഭയുടെ ഇടനാഴിയിലെ ഒരു തുറന്ന തമാശ മാത്രമാണെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. ബൈഡൻ പറയുന്നത് അമേരിക്കയുടെ ഔദ്യോഗിക നിലപാടാണ്. എന്നാൽ രാഷ്ട്രീയ പക്ഷത്തു നിന്നോ മനുഷ്യാവകാശ പക്ഷത്തുനിന്നോ ഈ സാഹചര്യങ്ങൾ നിരീക്ഷിക്കുന്ന ആരും ഇനി ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്ന് വിശ്വസിക്കുന്നില്ല. ഒരു ഫലസ്തീൻ രാഷ്ട്രത്തിന് സുസ്ഥിരമോ നീതിയുക്തമോ ആയി ഒന്നും അവശേഷിക്കുന്നില്ല എന്നതാണ് സത്യം. ദ്വിരാഷ്ട്ര പരിഹാരം ഒരിക്കലും ഫലസ്തീനികളുടെ മൗലിക മനുഷ്യാവകാശ പ്രശ്‌നവുമായി ബന്ധപ്പെടുന്നില്ല. പൂർണ മനുഷ്യാവകാശങ്ങളില്ലാത്ത രണ്ടാം തരം പൗരന്മാരായി ഫലസ്തീനികളെ മാറ്റുകയാണ് ഇസ്രായിലിന്റെ തന്ത്രം. 
അതിനാൽ പഴയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് പകരം മനുഷ്യാവകാശ സമത്വം എന്ന തത്വത്തിന് വേണ്ടി വാദിക്കാൻ തുടങ്ങണം. മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കി ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ജൂതന്മാർക്കും തുല്യ അവകാശങ്ങൾ ലഭിക്കുന്ന ഒരു രാഷ്ട്രം എന്നതാണ് ഇതിനർഥം. ഇത്തരമൊരു ആവശ്യമുയർത്താൻ ഐക്യരാഷ്ട്രസഭ മുന്നോട്ടുവരണമെന്ന് ചൂണ്ടിക്കാട്ടുന്നവരിൽ മൊഖാബിർ മാത്രമല്ല, മറ്റ് നയതന്ത്രജ്ഞരും ഉണ്ടെന്നതാണ് വാസ്തവം.

ഗാസക്കെതിരായ ഇസ്രായിലിന്റെ യുദ്ധത്തോടുള്ള അറബ് രാജ്യങ്ങളുടെ പ്രതികരണം ദുർബലമാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രായിലിന്റെ മുൻകാല ആക്രമണങ്ങളിൽനിന്ന് വ്യത്യസ്തമായി മുഴുവൻ അറബ് ലോകത്തിനും അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ യുദ്ധമെന്നതാണ് വാസ്തവം. ഗാസയിലെ 2.3 ദശലക്ഷം ഫലസ്തീനികൾക്കെതിരായ ഇസ്രായിൽ അതിക്രമങ്ങൾ പൊറുപ്പിക്കാനാവില്ലെന്ന് അറബ് രാജ്യങ്ങൾ അടിക്കടി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഒരു തരത്തിലുള്ള സമാധാന ശ്രമങ്ങൾക്കും വഴങ്ങാത്ത നിലപാടാണ് ഇസ്രായിലിന്റേത്. വെടിനിർത്തൽ വേണമെന്ന യു.എൻ ജനറൽ അസംബ്ലി പ്രമേയം മുന്നോട്ടുവെച്ചത് അറബ് രാജ്യങ്ങളായിരുന്നു. എന്നാൽ വെടിനിർത്തലിന് സമയമായില്ലെന്ന് പറയുന്നത് നെതന്യാഹുവല്ല, ബൈഡനാണെന്നത് ശ്രദ്ധിക്കണം. 

ഇസ്രായിലിന്റെ യുദ്ധത്തെക്കുറിച്ചുള്ള പാശ്ചാത്യ രാഷ്ട്രീയ-മാധ്യമ ചർച്ചകളും കൗതുകകരവും സഹതാപാർഹവുമാണ്. ഇസ്രായിൽ പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മറ്റ് പ്രധാന വ്യക്തികളും നടത്തുന്ന മാരകമായ പ്രസ്താവനകളെക്കുറിച്ച് അഭിപ്രായമോ വിമർശനമോ അവയിലൊന്നും കാണുന്നില്ല. മനഃപൂർവം യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള ഇസ്രായിലിന്റെ ഉദ്ദേശ്യം അവരുടെ നേതാക്കൾ മറച്ചുവെക്കുന്നില്ല. പല പ്രസ്താവനകളും പ്രതികാരദാഹത്താൽ പ്രചോദിതമായിരുന്നു. ചിലതാകട്ടെ ദീർഘകാല, തീവ്രദേശീയ അഭിലാഷങ്ങളെക്കുറിച്ചായിരുന്നു.

ഇസ്രായിലിൽനിന്ന് വരുന്ന വംശഹത്യ വാചാടോപത്തിന്റെ ചുഴലിക്കാറ്റിൽനിന്നുള്ള ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. ഗാസയിലെ 2.3 ദശലക്ഷം ഫലസ്തീനികൾ കുറ്റക്കാരാണ് എന്നതാണ് ആദ്യത്തേത്. ഇത് ആദ്യമായല്ല ഇസ്രായിൽ പറയുന്നത്. 2018 ൽ അന്നത്തെ ഇസ്രായിലി പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ പറഞ്ഞത് ഗാസ മുനമ്പിൽ നിരപരാധികളില്ല എന്നാണ്. 'ഇത് വെളിച്ചത്തിന്റെ മക്കളും ഇരുട്ടിന്റെ മക്കളും തമ്മിലുള്ള പോരാട്ടമാണ്' എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എഴുതിയത് ഈ പ്രചോദനത്തിൽനിന്നാണ്.
മധ്യവാദിയെന്ന് കരുതപ്പെടുന്ന ഇസ്രായിലി പ്രസിഡന്റ് ഐസക് ഹെർസോഗ് പോലും പറഞ്ഞത് അവിടെയുള്ള ഒരു മുഴുവൻ രാജ്യത്തിനും ഉത്തരവാദിത്തമുണ്ടെന്നാണ്. ഗാസയിലെ സിവിലിയൻമാർ ഹമാസിനെതിരെ രംഗത്തു വന്നില്ല എന്നതാണ് അവർ ചെയ്ത കുറ്റം. ഹമാസിന്റെ 'ദുഷ്ടഭരണ'ത്തിനെതിരെ അവർ പോരാടണമായിരുന്നു. ഗാസയിലെ ഫലസ്തീൻ പൗരന്മാർക്ക് ഹമാസിനെപ്പോലെയുള്ള ഒരു സംഘടനയെ പുറത്താക്കാനാകുമെന്ന ധാരണ ബാലിശമാണ്. ഗാസയിലെ ഫലസ്തീനികൾ ആരും നിരപരാധികളല്ല എന്ന പ്രചാരണം ഗാസയിൽ കരയുദ്ധത്തിന് കാത്തിരിക്കുന്ന, കൂട്ടക്കൊലകൾക്ക് വെമ്പുന്ന മൂന്നുലക്ഷം ഇസ്രായിൽ റിസർവിസ്റ്റുകൾക്ക് നൽകുന്നത് അപകടകരമായ സന്ദേശമാണ്. നരഹത്യയെ നീതീകരിക്കാനുള്ള ലൈസൻസാണത്. ലോകം കൂടുതൽ കണ്ണീരൊഴുക്കേണ്ടിവരുമെന്ന് സാരം.

Latest News