Sorry, you need to enable JavaScript to visit this website.

തട്ടിപ്പും വെട്ടിപ്പും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് വരുത്തിവച്ചത് 70,000 കോടിയുടെ നഷ്ടം

ന്യൂദല്‍ഹി- കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ നടന്ന തട്ടിപ്പുകളും വെട്ടിപ്പുകളും മൂലം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഉണ്ടായത് 70,000 കോടി രൂപയുടെ നഷ്ടം. റിസര്‍വ് ബാങ്ക് കണക്കുകള്‍ ഉദ്ധരിച്ച് ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല രാജ്യസഭയെ അറിയിച്ചതാണിത്. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ ഗണത്തില്‍ വരുന്ന ബാങ്കുകള്‍ക്ക് 2015-16 വര്‍ഷം മുതല്‍ 2017-18 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ യഥാക്രമം 16,409 കോടി, 16,652 കോടി, 36,94 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടമുണ്ടായത്. ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മാത്രമുണ്ടായ നഷ്ടം മുന്‍ വര്‍ഷങ്ങളുടെ ഇരട്ടിയാണ്. നഷ്ടത്തിന് ഇടയാക്കിയ തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷങ്ങളാണിതെന്നും എന്നാല്‍ ഇവയെല്ലാം ഈ കാലയളവില്‍ സംഭവിച്ചതല്ലെന്നും മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു. വായ്പാ തട്ടിപ്പ്, വിദേശ ഗ്യാരണ്ടി തുടങ്ങിയ തട്ടിപ്പുകളിലാണ് ഈ നഷ്ടം. ബാങ്കുകള്‍ നല്‍കിയ മുന്‍കൂര്‍ വായ്പകള്‍ 25.03 ലക്ഷം കോടിയില്‍ നിന്ന് 68.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. 

ഉദാരമായി വായ്പാ വിതരണം നടത്തിയതും മനപ്പൂര്‍വ്വം തിരിച്ചടവ് തെറ്റിക്കപ്പെടുന്നതും വായ്പാ തട്ടിപ്പുകളും, അഴിമിതിയും സാമ്പത്തിക മാന്ദ്യവുമാണ് ബാങ്കിങ് മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വിവിധ ബാങ്കുകളില്‍ ആയിരം കോടിയിലേറെ രൂപയുടെ കിട്ടാക്കടം വരുത്തിവച്ച 139 കടക്കാരുണ്ടെന്നും ആര്‍.ബി.ഐ കണക്കുകള്‍ പറയുന്നു.
 

Latest News