ചെന്നൈ- വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
23 കാരനായ മാരിശെല്‍വവും 21 വയസ്സായ ഭാര്യ കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായത്. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണെങ്കിലും വിവാഹത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പോലീസ് പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് ആറേമുക്കാലോടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാതമാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.