Sorry, you need to enable JavaScript to visit this website.

പത്തിൽ തോറ്റു, പക്ഷെ തമിഴക രാഷ്ട്രീയത്തിന്റെ തിരക്കഥയെഴുതി

ചെന്നൈ- ജാതീയ ഉച്ചനീചത്വങ്ങളും സാമൂഹിക അസമത്വങ്ങളും കൊടികുത്തി വാഴുകയായിരുന്ന തമിഴ്‌നാട്ടിൽ 1920 കളും മുപ്പതുകളും വിപ്ലവകരമായ നവോഥാന മുന്നേറ്റങ്ങളുടെ കാലമായിരുന്നു. പെരിയാർ എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്രാപിച്ച കാലം. സവർണ അടിച്ചമർത്തലുകൾക്കെതിരെ എഴുന്നേറ്റുനിന്ന് പോരാടാൻ ദളിതർക്കിടയിൽ ആഹ്വാനം ചെയ്ത പെരിയാറുടെ ദൗത്യം അതിവേഗം തമിഴകം ഏറ്റെടുത്തു. സാമൂഹിക മാറ്റത്തിന്റെ ശംഖൊലി മുഴങ്ങിത്തുടങ്ങിയ ഈ കാലത്താണ് മുത്തുവേൽ കരുണാനിധിയുടെ ജനനം. 1924 ൽ ചെന്നൈയിൽനിന്ന് 300 കി.മീ അകലെയുള്ള തിരുക്കുവാലൈ എന്ന ഉൾഗ്രാമത്തിൽ. ശൂദ്ര വിഭാഗത്തിൽ അമ്പലവാസികളായ ഇസൈ വെള്ളാളർ ജാതിയിൽ ദരിദ്രമാതാപിതാക്കളുടെ മകനായിട്ടായിരുന്നു കരുണാനിധിയുടെ ജനനം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, ജാതിസമ്പ്രദായം അതിശക്തമായിരുന്ന കാലത്ത് കൗമാരക്കാരനായിരിക്കെതന്നെ കരുണാനിധി ഒരു കാര്യം മനസ്സിലാക്കി. താഴ്ന്ന ജാതിയിൽ ജനിച്ചവൻ എന്നും പതിതനായിരിക്കും. പതിനാലാം വയസ്സിൽ പെരിയാറുടെ സ്വാഭിമാന പ്രസ്ഥാനത്തിൽ ചേരുമ്പോൾ, കരുണാനിധിക്ക് ഈ രാഷ്ട്രീയബോധ്യം നന്നായുണ്ടായിരുന്നു. ദ്രാവിഡസമുദായത്തെ ഉത്തരേന്ത്യൻ ബ്രാഹ്മണ്യത്തിനും ദക്ഷിണേന്ത്യയിലെ സവർണർക്കുമെതിരെ ഉയർത്തിനിർത്തുന്നതിൽ കരുണാനിധിയും മുന്നിൽനിന്നു.

സിനിമയെന്ന തട്ടകം
രാഷ്ട്രീയത്തിന് മുമ്പ് കരുണാനിധി പേര് പതിപ്പിച്ചത് സിനിമയിലായിരുന്നു. പത്താം ക്ലാസ്സിൽ തോറ്റ കരുണാനിധി ഉപജീവനം തേടി കോയമ്പത്തൂരിലേക്ക് നീങ്ങി. പ്രൊഫഷണൽ നാടക ട്രൂപ്പുകൾക്ക് വേണ്ടി നാടകമെഴുതിയായിരുന്നു തുടക്കം. എന്നാൽ കരുണാനിധിയുടെ വാക്ചാതുര്യവും പ്രസംഗശേഷിയും മനസ്സിലാക്കിയ പെരിയാർ അദ്ദേഹത്തെ ദ്രാവിഡർ കഴകത്തിന്റെ മാഗസിന്റെ എഡിറ്ററായി നിയമിച്ചു. 
സ്വാതന്ത്ര്യാനന്തരം ദ്രാവിഡർ കഴകം രണ്ടായി പിളർന്നപ്പോൾ കരുണാനിധി സി.എൻ. അണ്ണാദുരൈ നയിച്ച വിമത വിഭാഗത്തോടൊപ്പം നിൽക്കുകയും ദ്രാവിഡ മുന്നേറ്റ കഴകമെന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. 1950 കളായപ്പോഴേക്കും കരുണാനിധി പ്രശസ്തനായ തിരക്കഥാകൃത്തായി മാറി. നാടകത്തിൽനിന്ന് സിനിമയിലേക്ക് അപ്പോഴേക്കും അദ്ദേഹം ചേക്കേറിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയം ദശകങ്ങളായി സിനിമയുമായി അഭേദ്യബന്ധമാണ് പുലർത്തുന്നത്. ഡി.എം.കെ രൂപീകരിക്കുന്നതിന് മുൻപും അതായിരുന്നു സ്ഥിതി. എന്നാൽ ഡി.എം.കെ യാണ് സിനിമയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള മികച്ച മാർഗമായി ഉപയോഗപ്പെടുത്തിയത്. 
സിനിമകളിലൂടെയാണ് തമിഴ് രാഷ്ട്രീയത്തിൽ ഡി.എം.കെ ആധിപത്യം സ്ഥാപിച്ചത്. സ്ഥാപകനായ അണ്ണാദുരൈ തന്നെ സാമൂഹിക മാറ്റം ലക്ഷ്യമാക്കി നിരവധി സിനിമകളും നാടകങ്ങളുമെഴുതി. ആ പാത തന്നെ കരുണാനിധിയും പിന്തുടർന്നു. 1952 ൽ പുറത്തിറങ്ങിയ പരാശക്തി എന്ന സിനിമ വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. സാമൂഹിക മാറ്റത്തിന്റെയും നീതിയുടേയും ആശയങ്ങളും നയങ്ങളും സിനിമയിലൂടെ പരിചയപ്പെടുത്തുക, ഭാഷയെന്ന നിലയിൽ തമിഴിന്റെ ആധിപത്യമുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് തന്റെ തിരക്കഥകൾക്ക് പിന്നിലെന്ന് കരുണാനിധി തന്നെ പറഞ്ഞിട്ടുണ്ട്. 

കളം വിട്ട കോൺഗ്രസ്
1950 കളിൽ കോൺഗ്രസിന് തമിഴ്‌നാട്ടിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ ഒരു ദശാബ്ദത്തിനിടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരായ പ്രക്ഷോഭം തമിഴ്‌നാട്ടിലുടനീളം പടർന്നതോടെ ദേശീയ പാർട്ടിയായ കോൺഗ്രസ് പ്രതിസ്ഥാനത്തായി. 1967 ൽ ഡി.എം.കെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജയിക്കുന്ന ആദ്യ കോൺഗ്രസിതര പാർട്ടിയായി. പിന്നീടൊരിക്കലും കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാനായില്ല.
അണ്ണാദുരൈ മുഖ്യമന്ത്രിയായി രൂപംകൊണ്ട മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു കരുണാനിധി. അറുപതുകളുടെ അവസാനം പാർട്ടിയെ വീണ്ടും വിഭാഗീയത തളർത്തി. 1969 ൽ അണ്ണാദുരൈ മരിച്ചു. ആഭ്യന്തര എതിർപ്പുകൾ അവഗണിച്ച് പാർട്ടിയുടെ പടികൾ ചാടിക്കയറിയ കരുണാനിധി പാർട്ടി അധ്യക്ഷപദം ഏറ്റെടുത്തു. പിന്നീട് നാലു തവണകൂടി അദ്ദേഹം മുഖ്യമന്ത്രിയായി. മൊത്തം ഇരുപതുവർഷത്തോളം അദ്ദേഹം മുഖ്യമന്ത്രിപദത്തിലിരുന്നു. 
എഴുപതുകളുടെ ആദ്യം പാർട്ടി വീണ്ടും പിളർന്നു. കാബിനറ്റ് പദവി നൽകാത്തതിന്റെ പേരിൽ എം.ജി. രാമചന്ദ്രൻ പാർട്ടി വിട്ടതോടെയായിരുന്നു ഇത്. ഡി.എം.കെയുടെ ശക്തിക്ഷയം ഇതോടെ ആരംഭിച്ചു. എം.ജി.ആറിന്റെ ശക്തി മനസ്സിലാക്കുന്നതിൽ കരുണാനിധിക്ക് പറ്റിയ പരാജയമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമുന്നേറ്റത്തിന് ക്ഷീണമായത്. തന്റെ അനുയായികളുടെ ശക്തമായ പിന്തുണയോടെ എം.ജി.ആർ അണ്ണാ ഡി.എം.കെ ഉണ്ടാക്കിയതോടെ കരുണാനിധിയുടെ പ്രതീക്ഷകൾ തകർന്നു. 
പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെയെ തൂത്തെറിഞ്ഞ് എം.ജി.ആർ വൻ വിജയം നേടി. എം.ജി.ആർ മരിക്കുന്നതുവരെ പിന്നെ ഡി.എം.കെക്ക് നിലംതൊടാനായില്ല. അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങളും പിളർപ്പുമാണ് ഡി.എം.കെക്ക് പുതുജീവൻ നൽകിയത്. എം.ജി.ആറിന്റെ പിൻഗാമിയായി വന്ന ജയലളിതയും കരുണാനിധിയും മാറി മാറി തമിഴകം ഭരിച്ചു.

അഴിമതിയുടെ കാലം
എഴുപതുകൾക്ക് ശേഷം ദ്രാവിഡ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചുള്ള രാഷ്ട്രീയം തുടരാൻ കരുണാനിധിക്ക് കഴിഞ്ഞെങ്കിലും അഴിമതി ആരോപണങ്ങളിൽ പാർട്ടിയും ഭരണവും നേതാക്കളും മുങ്ങാൻ തുടങ്ങിയതോടെ പ്രതിസന്ധികൾ രൂക്ഷമായി. 1976 ൽ അടിയന്തരാവസ്ഥക്കാലത്ത് അഴിമതി ആരോപണങ്ങളുടെ പേരിൽ ഡി.എം.കെ സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. 
2001 ൽ സർക്കാരിയ കമ്മീഷൻ അഴിമതിയുടെ പേരിൽ കരുണാനിധിയെ കുറ്റക്കാരനായി പ്രഖ്യാപിച്ചു. 2010 ൽ ടു ജി സ്‌പെക്ട്രം അഴിമതിയും പാർട്ടിയെ ബാധിച്ചു. ദേശീയ രാഷ്ട്രീയത്തിൽ തമിഴക രാഷ്ട്രീയത്തിന് പ്രസക്തി നൽകിയതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ കലൈഞ്ജർ നൽകിയ വലിയ സംഭാവന. 1996 ൽ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിൽ ആദ്യ ഐക്യമുന്നണി സർക്കാർ നിലവിൽ വന്നതുമുതൽ ദേശീയ രാഷ്ട്രീയത്തിൽ ഡി.എം.കെ സ്വന്തമായ അടയാളമുണ്ടാക്കി. 1999ൽ വാജ്‌പേയിയെ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പിന്തുണച്ചു. ബി.ജെ.പിക്ക് അന്ന് അധികാരം നഷ്ടമായെങ്കിലും അവരുമായി ശക്തമായ രാഷ്ട്രീയ ബന്ധം സ്ഥാപിക്കാൻ അതോടെ ഡി.എം.കെക്കായി. 1999 ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. വിജയിച്ച് അധികാരത്തിലെത്തുകയും ചെയ്തു. കേന്ദ്രത്തിൽ സുപ്രധാന വകുപ്പുകൾ കൈയാളി. പിന്നീട് ബി.ജെ.പിയുമായി വഴിപിരിഞ്ഞ ഡി.എം.കെ 2004 ലും 2009 ലും കോൺഗ്രസിനൊപ്പം മത്സരിച്ച് വിജയിച്ചു. 2013 ൽ ശ്രീലങ്കൻ പ്രശ്‌നത്തിൽ ഉടക്കിയാണ് കോൺഗ്രസിനുള്ള പിന്തുണ കരുണാനിധി പിൻവലിക്കുന്നത്.
തൊണ്ണൂറ്റിനാലാം വയസ്സിലും തമിഴ് രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്നതിൽ കരുണാനിധിക്കുള്ള പങ്ക് വലുതായിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ തിരക്കഥയാണ് വാസ്തവത്തിൽ കരുണാനിധിയുടെ ജീവിതം. അദ്ദേഹംകൂടി കാലയവനികക്കുള്ളിൽ മറഞ്ഞതോടെ തമിഴക രാഷ്ട്രീയത്തിൽ തലമുറമാറ്റം തന്നെയാണ് ഭവിക്കുന്നത്. 

Latest News