Sorry, you need to enable JavaScript to visit this website.

ജിദ്ദ കോട്ടയം കൂട്ടായ്മ വസന്തോത്സവം നവംബർ 17ന്

ജിദ്ദ- കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒൻപതാമത് വാർഷികം 'വസന്തോത്സവം 2023' എന്ന പേരിൽ വിവിധ കലാ പരിപാടികളോടെ നവംബർ 17ന് വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ കെ.ഡി.പി.എ അംഗങ്ങൾക്കും കുട്ടികൾക്കും പുറമെ ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികളും നാട്ടിൽ നിന്നുള്ള അഞ്ചു പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും അരങ്ങേറും.  
തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് അയിരൂർ, സുമി അരവിന്ദ് എന്നിവരോടൊപ്പം ഗൾഫിൽ പുതുമുഖമായ അൻസു കോന്നിയുമാണ് നാട്ടിൽ നിന്നുമെത്തുന്ന കലാകാരന്മാർ. സംഗീതം, കോമഡി സ്‌കിറ്റ് തുടങ്ങിയ പരിപാടികൾക്കൊപ്പം ഫിഗർ ഷോയും ഉണ്ടായിരിക്കും. കോൺസൽ ജനറൽ മുഖ്യാതിഥിയായി പ്രതീക്ഷിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. 
പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ കെ.ഡി.പി.എയുടെ ഗൂഗിൾ ഫോം 
വഴി (https://forms.gle/ffCDQXdL1EomGQyCA) മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ചെയർമാൻ നിസാർ യൂസുഫ്, പ്രസിഡന്റ് അനിൽ നായർ, സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറർ പ്രസൂൺ ദിവാകരൻ, ജനറൽ കൺവീനർ അബ്ദുൽ റസാഖ്, ഫിനാൻസ് കമ്മിറ്റി കൺവീനർ സിറിയക് കുര്യൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദർശൻ മാത്യു, ലോജിസ്റ്റിക് കമ്മിറ്റി കൺവീനർ പ്രശാന്ത് തമ്പി എന്നിവർ സീസൺസ് റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.  

Latest News