ന്യൂദൽഹി- അസം പൗരത്വ പട്ടിക സംബന്ധിച്ച് പത്രസമ്മേളനം നടത്തിയ എൻ.ആർ.സി സംസ്ഥാന കോ-ഓർഡിനേറ്റർ പ്രതീക് ഹജേല, ദേശീയ രജിസ്ട്രാർ ജനറൽ ഷൈലേശ് എന്നിവർക്കെതിരേ സുപ്രീം കോടതി. ഇരുവരുടെയും നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, ജയിലിൽ അടയ്‌ക്കേണ്ട കുറ്റമാണ് ചെയ്തതെന്നു മുന്നറിയിപ്പ് നൽകി.
അസം പൗരത്വ പട്ടികയുടെ കരടിൽനിന്നു 40 ലക്ഷത്തോളം ആളുകൾ ഒഴിവാക്കപ്പെട്ടതിനെതിരേ നൽകിയ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ, ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ചു പത്രസമ്മേളനം നടത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്. പരാതികൾ പരിഹരിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും അവസരം നൽകുമെന്നു സർക്കാർ കോടതിയിൽ വിശദമാക്കിയതിനു പിന്നാലെ അതിനു വിരുദ്ധമായി എങ്ങനെ ജനങ്ങളെ അറിയിക്കാൻ കഴിഞ്ഞെന്നു കോടതി ചോദിച്ചു.
40 ലക്ഷം ആളുകളെ പൗരത്വ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വിഷയത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരാനും പരാതികളും പരിഹാര നിർദേശങ്ങളും പരിശോധിക്കാനുമാണ് കോടതി തീരുമാനിച്ചത്. ഇതിനു പരാതികൾ പരിശോധിക്കുന്നതിനും പുതിയ തെളിവുകൾ ഹാജരാക്കുന്നതിനും അനുവാദം നൽകാമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾക്കായി കേസ് മാറ്റിവെക്കുകയായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പുതിയ തെളിവുകൾ അംഗീകരിക്കാനാവില്ലെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം മാത്രമേ പരാതികൾ പരിഹരിക്കാനാവൂ എന്നാണ് എൻ.ആർ.സി കോ-ഓർഡിനേറ്ററും രജിസ്ട്രാർ ജനറലും പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇതു പ്രകാരം പൗരത്വ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ മുമ്പിൽ ഒരു പോംവഴിയുമില്ല എന്ന രീതിയാണ് ഉദ്യോഗസ്ഥർ ഉണ്ടാക്കിയിരിക്കുന്നതെന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി നിരീക്ഷിച്ചു.
തുടർന്ന് പ്രതീക് ഹലേജയും ഷൈലേശും കോടതിയിൽ മാപ്പപേക്ഷ നടത്തിയതോടെ കൂടുതൽ നടപടികളിലേക്കു കോടതി കടന്നില്ല. കോടതി നിയോഗിച്ച ഉദ്യോഗസ്ഥരാണ് നിങ്ങളെന്നും പരാതികളില്ലാതെ പൗരത്വ പട്ടിക തയാറാക്കുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച്, ഇക്കാര്യത്തിൽ പത്രസമ്മേളനം നടത്തേണ്ട കാര്യമില്ലെന്നും നിർദേശിച്ചു. കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനസ്വഭാവം തന്നെ ഇല്ലാതാക്കിയ നടപടിയാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും നിർഭാഗ്യകരമായ സംഭവമാണെന്നും ഭാവിയിൽ ആവർത്തിക്കരുതെന്നും ജസ്റ്റിസ് രോഹിൻടൺ നരിമാനും മുന്നറിയിപ്പ് നൽകി.