Sorry, you need to enable JavaScript to visit this website.

കേരളീയം ധൂർത്ത്, ജനദ്രോഹം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്  കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാന സർക്കാർ 27 കോടിയോളം രൂപ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നത് ജനദ്രോഹപരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി. കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. കെ.ടി.ഡി.എഫ്.സി ഖജനാവ് കാലിയായ അവസ്ഥയാണ്, നിക്ഷേപകർക്ക് കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുകകൾ തിരികെ നൽകാനാകുന്നില്ല. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇത്തരത്തിൽ ക്ഷേമ പരിപാടികളും ശമ്പളവും പെൻഷനുകളും എല്ലാം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലും വൻ തുക ചെലവഴിച്ച് വലിയ ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിൻെറ കേവലം മുഖം മിനുക്കാനുള്ള പി ആർ വർക്ക് മാത്രമായി ന്യായമായും സംശയിക്കാം. 
 സർക്കാർ ഖജനാവ് കാലിയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്നും സ്വയം സമ്മതിക്കുകയും അതി ധാരാളിത്തത്തോടെ ഭീമമായ തുക ഇത്തരം പരിപാടികൾക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കേരളീയത്തിന്റെ പ്രസക്തിയെയും ധാരാളിത്തത്തെയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതീകരിക്കാനാവില്ല. ഒരു ജനാധിപത്യ സർക്കാർ എന്ന നിലയിൽ പ്രതിപക്ഷത്തിന്റെയും കേരള സമൂഹത്തിന്റെയും ചോദ്യങ്ങളോട് മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Latest News