തിരൂർ- കെ.ടി. ജലീൽ എം.എൽ.എ ഇനി നിയമസഭയിലേക്ക് ഇല്ല. പൊന്നാനി പാർലമെൻറ് മണ്ഡലം യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാൻ സി.പി.എം ഇത്തവണ രംഗത്തിറക്കുന്നത് കെ. ടി ജലീലിനെയായിരിക്കും.
മൂന്ന് തവണ തവനൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് കെ.ടി .ജലീൽ നിയമസഭയിൽ എത്തിയത്. രണ്ടാം തവണ വിജയിച്ചപ്പോൾ മന്ത്രി ആവുകയും ചെയ്തു. എന്നാൽ മുസ്‌ലിം ലീഗിന്റെ കുത്തക തകർത്തു പൊന്നാനി പാർലമെൻറ് മണ്ഡലം പിടിക്കാൻ ജലീലിനെ കൊണ്ട് കഴിയുമെന്ന നിരീക്ഷണമാണ് സി.പി.എം പയറ്റുന്നത്. പൊന്നാനി പാർലമെൻറ് മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ജലീലിന്റെ സാന്നിധ്യമുള്ള വിവിധ പരിപാടികളാണ് ഇപ്പോൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
സമസ്തയും, മുസ്‌ലിം ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനിടയിലൂടെ ജലീലിനെ ഇറക്കി വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതിന് യോജിച്ച മണ്ഡലം എന്ന നിലയിലാണ് പൊന്നാനി തന്നെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മന്ത്രി വി. അബ്ദുറഹിമാനെ മത്സരിപ്പിച്ച് മുസ്‌ലിം ലീഗിൻെറ വലിയൊരു വിഭാഗം വോട്ടുകൾ പെട്ടിയിലാക്കാൻ കഴിഞ്ഞുവെന്ന ബോധ്യവും സി.പി.എമ്മിനെ കാര്യമായി പൊന്നാനി മണ്ഡലം ശ്രദ്ധയിലേക്ക് നയിച്ചിട്ടുണ്ട് .പൊന്നാനി, തവനൂർ, താനൂർ എന്നീ നിയോജക മണ്ഡലങ്ങളാണ് നിലവിൽ എൽ.ഡി.എഫിന്റെ കയ്യിലുള്ളത് .യു.ഡി.എഫിന് സ്വാധീനമുള്ള തിരൂർ, തിരൂരങ്ങാടി ,കോട്ടക്കൽ മണ്ഡലങ്ങളിൽ ജലീലിനെ മത്സരിപ്പിക്കുകയാണെങ്കിൽ വൻ നേട്ടം കൊയ്‌തെടുക്കാൻ ആകുമെന്ന് കണക്ക് കൂട്ടുകയാണ്.
സ്വതന്ത്രന്മാരെ ഇറക്കി കഴിഞ്ഞ കാലങ്ങളിൽ നേടിയെടുത്ത വോട്ടുകളെക്കാൾ മേൽക്കോയ്മ നേടാൻ ജലീൽ മത്സരിച്ചാൽ ലഭിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിക്കും ജലീൽ മത്സരിക്കുന്നതിനോട് പൂർണമായ യോജിപ്പാണ്. യു.ഡി.എഫിന് ആകട്ടെ ജലീൽ മത്സരിക്കുകയാണെങ്കിൽ നേരിയ നെഞ്ചിടിപ്പിന്റെ അവസ്ഥയും ഉണ്ട്. ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ ജലീലിന്റെ കഴിവ് സി.പി.എം കാണാതിരിക്കുന്നില്ല. ഇക്കാലമത്രയും പിടിച്ചെടുക്കാൻ കഴിയാത്ത പൊന്നാനി മണ്ഡലം ഇത്തവണ കയ്യിൽ ആക്കുക എന്ന ഉറച്ച നിലപാടിൽ ജലീലിൽ എത്തി നിൽക്കുകയാണ്. സി.പി.എമ്മിന്റെ പ്രാദേശികമായ കമ്മിറ്റികൾക്കും ജലീൽ മത്സരിക്കുന്നതിനോട് പൂർണ്ണ യോജിപ്പാണെന്ന് ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വോട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ഉള്ള ജലീലിന്റെ തന്ത്രങ്ങളെയും സി.പി.എമ്മിന് തീർത്തും ബോധ്യമുള്ളതാണ്. കഴിഞ്ഞ തവണ തവനൂർ നിയോജക മണ്ഡലത്തിൽ പരാജയപ്പെടുമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ശക്തിപ്പെട്ടപ്പോഴും അഭിമാനത്തോടെ പിടിച്ചുനിൽക്കാൻ ആയത് പാർട്ടിയുടെ പ്രവർത്തനത്തിനപ്പുറം ജലീലിന്റെ കഴിവായും ചൂണ്ടിക്കാട്ടുകയാണ്. ഇതെല്ലാം വിലയിരുത്തിയാണ് ഇത്തവണ ജലീലിനെ പാർലമെൻറിലേക്ക് പരീക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്ന ഘടകം. പാർലമെൻറിലേക്ക് മത്സരിക്കേണ്ടി വരുമെന്ന സൂചന പാർട്ടി നേതൃത്വം നൽകിയത് കൊണ്ടാകാം സമീപകാലങ്ങളിലായി കെ. ടി ജലീലിന്റെ പ്രവർത്തനം തവനൂർ നിയോജകമണ്ഡലത്തിന് പുറത്തേക്ക് കാര്യമായി വ്യാപിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല പൊന്നാനി, തിരൂർ ,താനൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിൽ ഒട്ടുമിക്ക പരിപാടികളിലും ജയിലിന്റെ സാന്നിധ്യം സി.പി.എം ഇപ്പോൾ തന്നെ ഉറപ്പുവരുത്തുന്നുമുണ്ട്.