അന്ത്യവിശ്രമ സ്ഥലത്തെ ചൊല്ലി തര്‍ക്കം; മറീന ബീച്ചില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍, ഡിഎംകെ ഹൈക്കോടതിയില്‍ 

ചെന്നൈ- അന്തരിച്ച മുന്‍ തമിഴനാട് മുഖ്യമന്ത്രി എം. കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലം ചെന്നൈയിലെ മറീന ബീച്ചില്‍ അനുവദിക്കണമെന്ന ഡി.എം.കെയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചത് വിവാദമായി. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതു നിരസിക്കുകയും പകരം ഗാന്ധി പുരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ റോഡരികില്‍ രണ്ടേക്കര്‍ സ്ഥലം അനുവദിക്കാമെന്നും അറിയിക്കുകയായിരുന്നു. ഈ ആവശ്യം ഡി.എം.കെ അംഗീകരിച്ചിട്ടില്ല. 

മറീന ബീച്ചില്‍ ഇടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 10.30-ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ഹര്‍ജി പരിഗണിക്കും. ബുധനാഴ്ച രാവിലെ 10.30-ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും ഡി.എം.കെയുടെ അഭിഭാഷകര്‍ ഇതു ഇന്നു തന്നെ അടിയന്തിരമായി പരിഗണിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രേഖകള്‍ രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും രാത്രി 10.30-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രത്യേക കോടതി ഒരുക്കിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
 

Latest News