Sorry, you need to enable JavaScript to visit this website.

കരുണാനിധി അന്തരിച്ചു

ചെന്നൈ- തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധയെ തുടർന്ന് ആഴ്ച്ചകളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  1969-71, 1971-74, 1989-91, 1996-2001,200-62011 കാലയളവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. 1969ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 
നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. ദക്ഷിണാമൂർത്തിയൊന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്.
സ്‌കൂൾ കാലത്തേ നാടകം,കവിത,സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി. ജസ്റ്റിസ് പാർട്ടി പ്രവർത്തനങ്ങളിലും അതിന്റെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ കരുണാനിധി പതിനാലം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങി.

വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി.

കുട്ടിക്കാലം മുതൽ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. കല്ലഗുഡി ഗ്രാമത്തിന്റെ പേര് ഡാൽമിയാപുരം എന്നാക്കുന്നതിനെതിരായ സമരത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ചു. ഇവിടെ സിമന്റ് കമ്പനി തുടങ്ങുമ്പോൾ ഗ്രാമത്തിന്റെ പേര് ഡാൽമിയാപുരം എന്നാക്കി മാറ്റാൻ നീക്കം നടന്നിരുന്നു. കരുണാനിധിയുടെ നേതൃത്വത്തിൽ തീവണ്ടികൾ തടഞ്ഞു. ഈ സമരത്തിൽ രണ്ടു പേർക്ക് ജീവഹാനി സംഭവിച്ചു. ഇതേതുടർന്നാണ് കരുണാനിധിയെ രാജ്യം ശ്രദ്ധിച്ചുതുടങ്ങിയത്.  

പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്‌ചേഴ്‌സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.
അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. സേലം മോഡേൺ തിയേറ്റേഴ്‌സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയേറ്റേഴ്‌സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി. മോഡേൺ തിയറ്റേഴ്‌സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി. തന്റെ ചിന്തകൾ സിനിമയിലൂടെ പുറംലോകത്ത് എത്തിക്കാനും കരുണാനിധിക്ക് കഴിഞ്ഞു. പരാശക്തി എന്ന സിനിമയിലൂടെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ശക്തമായ സാമൂഹ്യസന്ദേശങ്ങളാണ് സിനിമയിലൂടെ കരുണാനിധി പങ്കുവെച്ചിരുന്നത്. ബ്രാഹ്മണർ അടക്കമുള്ളവരിൽനിന്ന് കനത്ത എതിർപ്പും നേരിടേണ്ടി വന്നു. 
തമിഴ് സാഹിത്യത്തിനും കരുണാനിധി മികച്ച സംഭാവനകൾ നൽകി. നോവൽ, ചെറുകഥ, കവിത, തിരക്കഥ, ചരിത്രനോവലുകൾ, നാടകം, സിനിമാഗാനങ്ങൾ, തിരക്കഥ എന്നീ മുഴുവൻ സാഹിത്യശാഖയിലും അദ്ദേഹം കൈവെച്ചു. 

പത്മാവതി, രാസാത്തി അമ്മാൾ, ദയാലു അമ്മാൾ എന്നിവരാണ് ഭാര്യമാർ. മക്കൾ: മുത്തു, അഴഗിരി(മുൻ കേന്ദ്രമന്ത്രി), സ്റ്റാലിൻ (തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി), തമിഴരസ്, സെൽവി, കനിമൊഴി(രാജ്യസഭാംഗം).
 

Latest News