Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിക്കാരിയെ ഉപദ്രവിച്ച നേതാവിനെ തിരിച്ചെടുത്ത് ബി.ജെ.പി

ചെന്നൈ- പാര്‍ട്ടി പ്രവര്‍ത്തകയെ അധിക്ഷേപിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ബി.ജെ.പി നേതാവിനെ തിരിച്ചെടുത്തു. ആറ് മാസത്തേക്ക് എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്ന ട്രിച്ചി സൂര്യ ശിവയെയാണ് ബിജെപി തമിഴ്‌നാട് ഘടകം പാര്‍ട്ടിയിലേക്ക് വീണ്ടും സ്വാഗതം ചെയ്തത്.  പാര്‍ട്ടി പ്രവര്‍ത്തകയെ അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ നീക്കം ചെയ്തിരുന്നത്.

സൂര്യശിവ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു, അച്ചടക്ക നടപടി കമ്മിറ്റിയുടെ അന്വേഷണത്തിനും റിപ്പോര്‍ട്ടിനും ശേഷം ആറു മാസത്തേക്ക് പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ഇപ്പോള്‍ സൂര്യ ശിവയോട് തന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്-ബി.ജെ.പി  തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം അധ്യക്ഷ ഡെയ്‌സി സരണിന് ടെലിഫോണ്‍ സംഭാഷണത്തില്‍ ലൈംഗികാതിക്രമ ഭീഷണി മുഴക്കിയതിനാണ് ഒബിസി വിഭാഗം ജനറല്‍ സെക്രട്ടറിയായിരുന്ന സൂര്യ ശിവയ്‌ക്കെതിരെ  ബിജെപി സംസ്ഥാന ഘടകം കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി സ്വീകരിച്ചത്.
ഡിഎംകെ രാജ്യസഭാ എംപി ട്രിച്ചി ശിവയുടെ മകന്‍ സൂര്യ ശിവ 2022 മെയ് മാസത്തിലാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ സാന്നിധ്യത്തില്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപിയില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ കാര്‍ അപകടത്തില്‍ പെട്ടതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതിനും പണം ആവശ്യപ്പെട്ടതിനും സൂര്യശിവയെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest News