ഇസ്രായില്‍ സാവകാശം തോല്‍ക്കുന്നു; രാജ്യങ്ങളും മാധ്യമങ്ങളും പിന്മാറുന്നു

റോക്കറ്റാക്രമണത്തെ കുറിച്ചുള്ള സൈറണ്‍ മുഴങ്ങിയപ്പോള്‍ ഇസ്രായില്‍ പട്ടണമായ സെദ്രോത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്ന മാധ്യമ പ്രവര്‍ത്തകര്‍.

വാഷിംഗ്ടണ്‍-ഫലസ്തീന്‍ യുദ്ധത്തില്‍ ഇസ്രായില്‍ സാവകാശം തോല്‍ക്കുകയാണെന്ന വിലയിരുത്തിലിന് സ്വീകാര്യത വര്‍ധിക്കുന്നു. പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി നേരത്തെ ഇസ്രായിലിനെ അനുകൂലിച്ച മാധ്യമങ്ങളും രാജ്യങ്ങളും വാക്കു മാറുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികള്‍ക്കുനേരെ ഇസ്രായില്‍ തുടരുന്ന ക്രൂരതയില്‍ ജൂതരാഷ്ട്രത്തിനു നേരത്തെ ലഭിച്ച പിന്തുണ മുങ്ങിപ്പോകുകയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തുടക്കത്തില്‍ ഇസ്രായിലിന് അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചിരുന്ന അമേരിക്ക ഇപ്പോള്‍  യുദ്ധത്തിന് മാനുഷികമായ വിരാമം ആവശ്യപ്പെട്ട് രംഗത്തുവന്നത് വലിയ സൂചനയാണ്.  
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഇസ്രായില്‍ നിലപാടിന് ലഭ്യമായിരുന്ന പിന്തണ ഇല്ലാതാവുകയാണെന്ന് വിദഗ്ധര്‍ പറയുന്നത്.
ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍നിന്ന് ഹമാസ് ഇസ്രായിലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇസ്രായിലിന് സഹായ വാഗ്ദാനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇസ്രായില്‍ പൗരന്മാര്‍ക്കെതിരെ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങളെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അസന്നിഗ്ദ്ധമായി അപലപിക്കുന്നുവെന്നാണ് ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്. ഹമാസിനെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞപ്പോള്‍ ഇസ്രായിലിന് പൂര്‍ണ പിന്തുണയുമായി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തി. ഹമാസ് മിന്നല്‍ ആക്രമണത്തിന്റെ പെട്ടെന്നുള്ള ഞെട്ടല്‍ മാറിയ ശേഷമാണ് ഇസ്രായില്‍ തിരിച്ചടിച്ചത്. ഗാസയില്‍ വന്‍ വ്യോമാക്രമണവും പിന്നീട് കര ആക്രമണവും തുടരുകയാണ്.
ഇസ്രായില്‍ ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിക്കുകയും ഗാസയുടെ വലിയ ഭാഗങ്ങള്‍ നിരപ്പാക്കുകയും ചെയ്തപ്പോളാണ് ലോകം തിരിച്ചറിവ് നേടിത്തുടങ്ങിയത്. തെക്കന്‍ ഗാസയിലേക്ക് മാറാന്‍ നിര്‍ദേശിച്ച ശേഷം സിവിലിയന്മാരെ ഇസ്രായില്‍ ബോംബിട്ട് കൂട്ടക്കുരുതി നടത്തി.
തകര്‍ന്ന കെട്ടിടങ്ങള്‍, ആശുപത്രികള്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടികള്‍, കരയുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രചരിച്ചത്.  രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍  തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രങ്ങളില്‍ മുങ്ങി.
പാശ്ചാത്യ മാധ്യമങ്ങളില്‍ ഇസ്രാലിനോടുള്ള അനുകമ്പ മാത്രമായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ രാജ്യങ്ങളും മാധ്യമങ്ങളും ഇസ്രായില്‍ അനുകൂല നിലാപാടുകളില്‍ മാറ്റം വരുത്തുകയാണ്. കരയുദ്ധത്തില്‍ കനത്ത തിരിച്ചടിയേല്‍ക്കുന്ന ഇസ്രായില്‍ അന്തരാഷ്ട്ര പിന്തുണയുടെ കാര്യത്തിലും സാവകാശം തോല്‍ക്കുകയാണ്.

 

 

 

Latest News