ഇലക്ടറല്‍ ബോണ്ടില്‍ 57 ശതമാനം നേടിയത് ബി. ജെ. പി

ന്യൂദല്‍ഹി- ഇലക്ടറല്‍ ബോണ്ട് പദ്ധതി നിലവില്‍ വന്ന ശേഷമുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് ബി. ജെ. പിയാണെന്ന് റിപ്പോര്‍ട്ട്. ബോണ്ടുകള്‍ വഴി ലഭിച്ച ഫണ്ടിന്റെ 57 ശതമാനമാണ് ബി. ജെ. പി നേടിയത്. 

2017-2022 കാലയളവില്‍ ബി. ജെ. പിക്ക് ബോണ്ടുകള്‍ വഴി 5,271.97 കോടി രൂപയാണ് ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.  ഇലക്ടറല്‍ ബോണ്ട് വഴി പണം ലഭിച്ചതില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണെങ്കിലും കേവലം 10 ശതമാനം മാത്രമാണ് നേടാനായത്- 952.29 കോടി രൂപ.

2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പാര്‍ട്ടികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്ത്  കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, സി. പി. എം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ ഉള്‍പ്പെടെ വിവിധ വ്യക്തികളും സംഘടനകളും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുകയാണ്. 

നരേന്ദ്ര മോദി സര്‍ക്കാര്‍ 2018 ജനുവരി 2-ന് വിജ്ഞാപനം ചെയ്ത പദ്ധതി പ്രകാരം ഇന്ത്യയിലെ ഏതൊരു പൗരനും അല്ലെങ്കില്‍ ഇന്ത്യയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെട്ടതോ സ്ഥാപിക്കപ്പെട്ടതോ ആയ സ്ഥാപനത്തിന് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് ഒറ്റയ്‌ക്കോ മറ്റ് വ്യക്തികളുമായി ചേര്‍ന്നോ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം.

സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന പ്രാദേശിക പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് ഫണ്ടുകളുടെ ഗുണഭോക്താക്കളാണ്. 2011 മുതല്‍ പശ്ചിമ ബംഗാളിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഈ വര്‍ഷങ്ങളില്‍ 767.88 കോടി രൂപയുടെ സംഭാവനയാണ് നേടിയത്. ബി. ജെ. പിക്കും കോണ്‍ഗ്രസിനും ശേഷം മൂന്നാം സ്ഥാനത്താണ് തൃണമൂല്‍ കോണ്‍ഗ്രസ്.

ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളിന് 2018-2019 നും 2021-2022നും ഇടയില്‍ ഇലക്ടറല്‍ ബോണ്ടുകളായി 622 കോടി രൂപ ലഭിച്ചു; 2000 മുതല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി പദ്ധതിയുടെ ആദ്യ വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകളൊന്നും സ്വീകരിച്ചതായി അറിയിച്ചിട്ടില്ല.

തമിഴ്‌നാട്ടില്‍ 2021 മുതല്‍ അധികാരത്തിലുള്ള ഡി. എം. കെ 2019- 2020 മുതല്‍ 2021-2022 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 431.50 കോടി രൂപ സംഭാവന ലഭിച്ചതായി വെളിപ്പെടുത്തി. അതിന് മുമ്പുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ സത്യവാങ്മൂലങ്ങളില്‍ ഡി. എം. കെയ്ക്ക് ഇലക്ടറല്‍ ബോണ്ട് സംഭാവനകളൊന്നും ഉണ്ടായിരുന്നില്ല.

ദല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടി അടുത്തിടെയാണ് ദേശീയ പാര്‍ട്ടിയായി മാറിയത്. ഇലക്ടറല്‍ ബോണ്ട്/ ഇലക്ടറല്‍ ട്രസ്റ്റ് വിഭാഗത്തില്‍ 48.83 കോടി രൂപ സംഭാവന സ്വീകരിച്ചതായി അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതില്‍ എത്ര തുക ബോണ്ടുകള്‍ വഴി മാത്രമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിരവധി വര്‍ഷങ്ങളായി ബിഹാറില്‍ അധികാരത്തിലുള്ള ജെ. ഡി. യു, 2019-2020 മുതല്‍ 2021-2022 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മൊത്തം 24.40 കോടി രൂപ ലഭിച്ചതായടാണ് വെളിപ്പെടുത്തിയത്.

ഭരണമില്ലാത്ത പാര്‍ട്ടികളില്‍, ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ സംഭവാന ലഭിച്ചത് എന്‍. സി. പിക്കാണ്.  51.5 കോടി രൂപയാണ് എന്‍. സി. പി നേടിയത്. 

സി. പി. ഐ, സി. പി. എം, ബി. എസ്. പി, മേഘാലയിലെ ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി തങ്ങള്‍ക്ക് സംഭാവനയായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

Latest News