Sorry, you need to enable JavaScript to visit this website.

നീതിക്കുവേണ്ടി നിലകൊള്ളണം; ഇടവേളയെടുക്കുന്ന സലീന ഗോമസിനോട് സോഷ്യല്‍ മീഡിയ

ലോസ്ആഞ്ചലസ്- യുദ്ധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതെ സോഷ്യല്‍ മീഡിയയില്‍നിന്ന് ഇടവേളയെടുക്കുകയാണെന്ന് പറഞ്ഞ പോപ്പ് ഗായിക സലീന ഗോമസിനെ ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങള്‍. നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനു പകരം ഇത്രയേറെ ആരാധകരുള്ള സെലിബ്രിറ്റി നീതി ഉയര്‍ത്തിപ്പിടിച്ച് ഫലസ്തീനികളുടെ ഭാഗത്തുനില്‍ക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 430 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റിയാണ് സെലീന ഗോമസ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോപ്പ് ഗായകരില്‍ ഒരാള്‍. ഇസ്രായില്‍- ഹമാസ് യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങളും വാര്‍ത്തകളും തന്റെ ഹൃദയം തകര്‍ക്കുകയാണ് എന്നു പറഞ്ഞാണ് സെലീന ഗോമസ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
 ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. ലോകത്തില്‍ നടക്കുന്ന വിദ്വേഷവും അക്രമവും ഭീകരതയുമെല്ലാം എന്റെ ഹൃദയം തകര്‍ക്കുന്നു. ആളുകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും പ്രത്യേക വിഭാഗത്തോടുള്ള വിദ്വേഷവുമൊന്നും സഹിക്കാനാവുന്നതല്ല. ഇത് ഭയാനകമാണ്. എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നല്ലതിനുവേണ്ടി ഈ അക്രമണം അവസാനിപ്പിക്കണം. നിരപരാധികള്‍ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്. എനിക്ക് ഈ ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. പക്ഷേ അതൊരിക്കലും സാധ്യമല്ലല്ലോ- സെലീന ഗോമസ് കുറിച്ചു.   യുദ്ധവാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍  സെലീനയെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. സെലീന ഇരയായി അഭിനയിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്നാണ്  വിമര്‍ശനം.  യുദ്ധത്തിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതും പലരേയും ചൊടിപ്പിക്കുന്നു.

 

Latest News