കരുണാനിധിയുടെ നില ആശങ്കയില്‍; പുരോഗതിയില്ലെന്ന് ആശുപത്രി, ചെന്നൈയില്‍ വന്‍ പോലീസ് സന്നാഹം

ചെന്നൈ- കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗൗരവമാണെന്നും തീവ്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും മരുന്നിനോടും ചികിത്സയോടും പ്രതികരിക്കുന്നില്ലെന്നും കാവേരി ഹോസ്പിറ്റല്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. സുപ്രധാന ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഷളായിരിക്കുകയാണെന്നും ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും കാവേരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദന്‍ ശെല്‍വരാജ് അറിയിച്ചു.

കരുണാനിധിയെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിനു സമീപം ഡിഎംകെ പ്രവര്‍ത്തകരുടെ വന്‍ ജനസഞ്ചയം ഒത്തു കൂടിയിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസുകാരെ ചെന്നൈയിലെത്തിച്ച് വിന്യസിച്ചു വരികയാണ്. കരുണാനിധിയുടെ നില വഷളായെന്നും അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയച്ചതോടെ ചെന്നൈയിലേക്ക് വന്‍ ജനപ്രവാഹമാണ്.
 

Latest News