കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിപ്പ പോരാളികളെ ആദരിച്ചു

കോഴിക്കോട്-നിപ്പ രോഗികളെ വിജയകരമായി ചികിതി്സിച്ച് ഭേദമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ആദരിച്ചു. ഈ വിഭാഗത്തില്‍ പെട്ട എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന മുഴുവന്‍ രോഗികളുടേയും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചത് എന്ന് ഡോ. എബ്രഹാം മാമ്മന്‍ (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ) പറഞ്ഞു. 
'ഉമ്മ നോക്കുന്നത് പോലെയാണ് തന്റെ മകനെ എല്ലാ നഴ്സുമാരും പരിചരിച്ചത് എന്ന് അവന്‍ പറയുമ്പോള്‍, ക്വാറന്റൈനിലിരിക്കുന്ന ഞാന്‍ അനുഭവിച്ച ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. പി പി ഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ ആരുടേയും മുഖം കാണാന്‍ സാധിക്കാത്തതായിരുന്നു അവന് ഏറ്റവും ദുഖം' എന്ന് നിപ്പയെ അതിജീവിച്ച ഒന്‍പത് വയസ്സുകാരന്‍ ഹനീനിന്റെ മാതാവ് സാറത്ത് വികാരാധീനയായി വിവരിച്ചു. ഹനീനെ പരിചരിച്ച ജീവനക്കാരുടെ സ്നേഹസമ്മാനവും വേദിയില്‍ വെച്ച് കൈമാറി.
ഡോ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡോ. സതീഷ് കുമാര്‍, ഡോ. അനൂപ് കുമാര്‍ എന്നിവര്‍ ചികിത്സാനുഭവം പങ്കുവെച്ചു. ഡോ. എബ്രഹാം മാമ്മന്‍ ഡോക്ടര്‍മാര്‍ക്കുള്ള ആദരവ് കൈമാറി. ചികിത്സയിലുണ്ടായിരുന്ന റമീസ്, ഹനാന്റെ മാതാവ് സാറത്ത്, മരണപ്പെട്ട ഹാരിസിന്റെ സുഹൃത്ത് സിദ്ദിഖ്, ആംബുലന്‍സ് ഡ്രൈവര്‍ സമീര്‍ എന്നിവര്‍ അനുഭവം പങ്കുവെച്ചു. ഡോ. മധുകല്ലാത്ത്, ഡോ .സിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. നിപ്പ പ്രതിരോധത്തില്‍ അണിനിരന്ന ഡോക്ടര്‍മാരും, നഴ്സുമാരും, മറ്റ് ജീവനക്കാരും, ആംബുലന്‍സ് ഡ്രൈവര്‍മാരും, പൊതുപ്രവര്‍ത്തകരും ആദരവ് ഏറ്റുവാങ്ങി.

Latest News