കേരളവര്‍മ്മയില്‍ ആദ്യം ഒറ്റ വോട്ടില്‍ കെ.എസ്.യു  ജയിച്ചു; റീകൗണ്ടില്‍ 11 വോട്ടിന് എസ്എഫ്‌ഐ ജയിച്ചു

തൃശൂര്‍- ശ്രീ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്ത് എസ്എഫ്‌ഐക്ക് ജയം. എസ്എഫ്‌ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെ.എസ്.യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടന്‍ ഒരു വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്‌ഐ വിജയിച്ചത്.
എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെ.എസ്.യു എതിര്‍പ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകര്‍ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് കെ.എസ്.യു ആരോപിച്ചു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് റീകൗണ്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തില്‍ മാത്രം റീകൗണ്ടിംഗ് നടത്തിയാല്‍ മതിയെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിലപാടെടുത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവര്‍ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാല്‍, പ്രിന്‍സിപ്പളിന്റെ എതിര്‍പ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിന്റെ നേതൃത്വത്തില്‍ ഏറെ വൈകാതെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു റീകൗണ്ടിംഗ് ബഹിഷ്‌കരിച്ചു. കെ.എസ്.യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ നിന്ന് മടങ്ങുകയും ചെയ്തു.
അതേസമയം, കെ.എസ്.യു സ്ഥാനാര്‍ഥി ചെയര്‍മാന്‍ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറി ഹസന്‍ മുബാറക്ക് അറിയിച്ചിരുന്നു. ശ്രീക്കുട്ടന്‍ വിജയിച്ചു എന്നത് തെറ്റായ പ്രചരണമാണ്. ഇരു സ്ഥാനാര്‍ത്ഥികളും 895 വോട്ടുകള്‍ നേടിയപ്പോള്‍ എസ്എഫ്‌ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. ഇടതുപക്ഷ അധ്യാപകരും കോണ്‍ഗ്രസ് അധ്യാപകരും ഒന്നിച്ചു നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അവിടെ അട്ടിമറിക്ക് ശ്രമിച്ചു എന്നത് കെ.എസ്.യുവിന്റെ കുപ്രചരണം മാത്രം എന്നും എസ്എഫ്‌ഐ പറഞ്ഞു.

 

 

Latest News