Sorry, you need to enable JavaScript to visit this website.

ബെംഗളൂരുവിനെ നാല് ദിവസം വിറപ്പിച്ച പുലി  പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ചത്തു

ബെംഗളൂരു- നാലു ദിവസം ബെംഗളൂരുവിനെ വിറപ്പിച്ച പുലി പിടികൂടാനുളള ശ്രമത്തിനിടെ വെടിയേറ്റു ചത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതോടെയാണ് പ്രത്യേക അനുമതി പ്രകാരം പുലിയെ വെടിവെച്ചത്. മൃഗാശുപത്രിയിലെത്തിച്ചെങ്കിലും പുലിയെ രക്ഷപ്പെടുത്താനായില്ല. കുഡ്‌ലുഗേറ്റിന് സമീപത്ത് വെച്ചാണ് പുലിയെ പിടികൂടിയത്. മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി വനംവകുപ്പ് ഉദ്യാഗസ്ഥരെ ആക്രമിച്ചു. പിന്നാലെ പുലിയെ വെടിവെക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ വെടിവെക്കാന്‍ വനംവകുപ്പ് മേധാവിക്ക് അനുമതി നല്‍കാം. പുലിയുടെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് സാരമായ പരിക്കുണ്ട്.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞാണ് പുലിയെ പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞത്. ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, പുലിയെ പിടികൂടാനായി മൈസൂരുവില്‍ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം. തെര്‍മല്‍ ഇമേജിങ് ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എ.ഇ.സി.എസ്. ലേഔട്ടിലെ 14 ഏക്കറോളമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമിയില്‍ കൂടും സ്ഥാപിച്ചിരുന്നു.
ദിവസവും വ്യത്യസ്ത പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന പുലിയുടെ സ്വഭാവമാണ് വനംവകുപ്പിന് വെല്ലുവിളിയായിരുന്നത്. നാലുദിവസങ്ങളില്‍ പലയിടങ്ങളിലായാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വിവിധയിടങ്ങളില്‍ സഞ്ചരിക്കുകയും പകല്‍ കുറ്റിക്കാടുകള്‍ക്കുള്ളിലോ ആളൊഴിഞ്ഞ പ്രദേശങ്ങളിലോ ഒളിച്ചിരിക്കുകയും ചെയ്യുന്നതായിരുന്നു രീതി.

Latest News