ഇറാനു മേല്‍ യുഎസ് ഉപരോധം വീണ്ടും തുടങ്ങി

വാഷിങ്ടണ്‍- ഇറാനെ കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലാക്കാന്‍ ലക്ഷ്യമിട്ട് യുഎസ് വീണ്ടും ഉപരോധമേര്‍പ്പെടുത്തി. ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്ന ആദ്യ ഘട്ട ഉപരോധം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി. ഇറാനും യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട 2015ലെ ബഹുകക്ഷി ആണവ കരാറിനെ തുടര്‍ന്ന് നേരത്തെ ഇറാനുമേലുള്ള ഉപരോധം പിന്‍വലിച്ചിരുന്നു. എന്നാല്‍ ആണവായുധം തടയുന്നതിന് ഇറാന്റെ നപടകികള്‍ ശരിയായ ദിശയിലല്ലെന്നാരോപിച്ച് ഈ അന്താരാഷ്ട്ര കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ഉപരോധം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഇറാനെ തളര്‍ത്തുകയാണ് യുഎസ് ലക്ഷ്യം. ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനെ ഇതു കൂടുതല്‍ തളര്‍ത്തും. യുഎസ് ഡോളറില്‍ വ്യാപാരം നടത്തുന്നതും സുപ്രധാന വ്യവസായ മേഖലകളുമായുള്ള ഇറാന്റെ ബന്ധവും ഉപരോധം ഉപയോഗിച്ച് യുഎസ് തടയും. ഇറാനുമായി വ്യാപാര ബന്ധമുള്ള ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ക്കും യുഎസ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ആണവായുധം നിര്‍മ്മിക്കാന്‍ ഇറാനെ സഹായിക്കുന്ന എല്ലാ വഴികളും തടയുക എന്നതായിരുന്നു ആണവ കരാരിന്റെ ലക്ഷ്യം. ഇതു നേടുന്നതില്‍ പരാജയപ്പെട്ടെന്നും അതു കൊണ്ടാണ് യുഎസ് കരാറില്‍ നിന്ന് പിന്‍വാങ്ങിയതെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനു മേല്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തിപ്പെടുത്താനാണ് ഉപരോധമെന്നും  ഇത് ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ക്ക് അന്ത്യമുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ആണവ കരാറിലെ മറ്റു കക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യുഎസിന്റെ ഏകപക്ഷീയ പിന്മാറ്റത്തില്‍ അതൃപ്തിയുണ്ടായിരുന്നു. 

എന്നാല്‍ ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കു മേലും ഉപരോധമേര്‍പ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കി. ഇതോടെ നിരവധി വന്‍കിട യുറോപ്യന്‍ കമ്പനികളും യുഎസ് നടപടി ഭയന്ന് ഇറാനെ ഉപേക്ഷിച്ചു വരികയാണ്. വീണ്ടും യുഎസ ഉപരോധം നിലവില്‍ വന്നത് ഇറാനിലും ആഭ്യന്തര അസ്വാരസ്യങ്ങള്‍ക്കിടയാക്കുന്നതായി റിപോര്‍ട്ടുണ്ട്. വിലകയറ്റത്തിനും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ നിരവധി പട്ടണങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്. കുടിവെള്ള ക്ഷാമം മൂലം പലയിടത്തും വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
 

Latest News