ടെഹ്‌റാൻ- ഇസ്രായിലുമായുള്ള മുഴുവൻ വ്യാപാരബന്ധവും അവസാനിപ്പിക്കാൻ മുസ്ലിം രാജ്യങ്ങൾ തയ്യാറാകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ മുസ്ലീം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഗാസക്ക് നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കാൻ ഇസ്ലാമിക സർക്കാരുകൾ നിർബന്ധിക്കണം. മുസ്‌ലിം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടവുമായി സാമ്പത്തികമായി സഹകരിക്കരുത്. എണ്ണ, ഭക്ഷ്യ കയറ്റുമതി തടയണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീനെതിരെ നിലകൊണ്ട പാശ്ചാത്യ ഗവൺമെന്റുകളെ ഖാംനഈ വിമർശിച്ചു. ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിൽക്കുന്നത് ആരൊക്കെയാണെന്ന് മുസ്ലീം ലോകം മറക്കരുത്. സയണിസ്റ്റ് ഭരണകൂടത്തെ മാത്രമല്ല ഇത് ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്ലീങ്ങളെ ദേഷ്യം പിടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി മുന്നറിയിപ്പ് നൽകി.
പ്രതിരോധ ഗ്രൂപ്പുകളെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായാണ് ഇറാൻ കാണുന്നതെന്നും എന്നാൽ അവർ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും പ്രസിഡൻറ് ഇബ്രാഹിം റെയ്‌സി പറഞ്ഞു.