Sorry, you need to enable JavaScript to visit this website.

ജബാലിയ അഭയാർഥി ക്യാമ്പ് ബോംബിംഗ്; രൂക്ഷമായി അപലപിച്ച് സൗദി അറേബ്യ

ജിദ്ദ - ഉപരോധത്തിലുള്ള ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ മനുഷ്യത്വവിരുദ്ധമായ ബോംബിംഗിനെ സൗദി അറേബ്യ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായിൽ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തുന്നതിനെയും അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്നതിനെയും സൗദി അറേബ്യ അപലപിക്കുകയും പൂർണമായും നിരാകരിക്കുകയും ചെയ്യുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 
കഴിഞ്ഞ വെള്ളിയാഴ്ച യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയം അനുസരിച്ച് ഉടനടി വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായിലി ഗവൺമെന്റിനു മേൽ സമ്മർദം ചെലുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം നിഷ്‌ക്രിയത്വം കാണിക്കുകയാണ്. ഇസ്രായിലിന്റെ നിരന്തര ആക്രമണങ്ങളുടെ ഫലമായി ഉടലെടുത്ത അപകടകരമായ മാനുഷിക സാഹചര്യങ്ങൾ ഒരിക്കലും ന്യായീകരിക്കാനാകില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കലും സിവിലിയൻമാരെ സംരക്ഷിക്കലും ആക്രമണങ്ങൾ നിർത്തലും നീട്ടിവെക്കാനോ തടസ്സപ്പെടുത്താനോ കഴിയാത്ത അടിയന്തിര മുൻഗണനകളാണ്. ഇത് തൽക്ഷണം പാലിക്കാതിരിക്കുന്നത് മാനുഷിക ദുരന്തത്തിലേക്ക് നയിക്കും. ഇതിന്റെ ഉത്തരവാദിത്തം ഇസ്രായിലിനും അന്താരാഷ്ട്ര സമൂഹവും വഹിക്കേണ്ടിവരുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ജബാലിയ അഭയാർഥി ക്യാമ്പ് ബോംബിംഗ് യുദ്ധക്കുറ്റമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. നിരവധി പേർ കൊല്ലപ്പെടാനും  പരിക്കേൽക്കാനും ഇടയാക്കിയ ജബാലിയ ബോംബിംഗ് ഫലസ്തീനികൾക്കെതിരായ ഇസ്രായിലിന്റെ മനുഷ്യത്വരഹിതവും അധാർമികവുമായ ആക്രമണങ്ങൾക്കുള്ള വ്യക്തമായ തെളിവാണ്. ഒക്‌ടോബർ 27 ന് യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയം അടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും ചാർട്ടറുകളുടെയും മര്യാദകളുടെയും ലംഘനമാണിത്. ആഗോള സമൂഹത്തെയും യു.എൻ തീരുമാനങ്ങളെയും ഇസ്രായിൽ മാനിക്കുന്നില്ല എന്നാണ് ഈ ആക്രമണങ്ങൾ വ്യക്തമാക്കുന്നത്. ഉടനടി വെടിനിർത്തൽ നടപ്പാക്കാനും ഗാസയിൽ റിലീഫ് വസ്തുക്കൾ എത്തിക്കാനും രക്ഷാ സമിതി അടക്കമുള്ള അന്താരാഷ്ട്ര സമൂഹം കടമകളും ഉത്തരവാദിത്തങ്ങളും വഹിക്കണമെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. 
ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായിലിന്റെ ഇത്തരം ആക്രമണങ്ങളിൽ ലോക മനഃസാക്ഷിക്ക് മൗനം പാലിക്കാൻ കഴിയില്ല. ലോക ശക്തികളുടെ പച്ചക്കൊടിയോടെ ഇസ്രായിൽ ദിവസേന നടത്തുന്ന കൂട്ടക്കുരുതികൾ അപലപനീയമാണ്. ഗാസയിൽ യുദ്ധം ഉടനടി നിർത്തണം. ഗാസയിലെ ജനങ്ങൾ ബോംബാക്രമണം, പട്ടിണി, ഉപരോധം എന്നിവയാൽ മരണ ഭീഷണിയിലാണ്. ഗാസയിൽ ഉടനടി റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു. 
ജബാലിയ ആക്രമണത്തെ മുസ്‌ലിം വേൾഡ് ലീഗും യു.എ.ഇയും അപലപിച്ചു. ഗാസയിൽ നടക്കുന്നത് വംശീയ ഉന്മൂലനവും നിർബന്ധിത കുടിയൊഴിപ്പിക്കലുമാണെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് അശ്തയ്യ പറഞ്ഞു. ഗാസയിൽ 25 ദിവസമായി ഇസ്രായിൽ തുടരുന്ന നരമേധം ഉടനടി അവസാനിപ്പിക്കാൻ അമേരിക്കയും യൂറോപ്യൻ യൂനിയനും സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

Latest News