Sorry, you need to enable JavaScript to visit this website.

മഹാത്മാ ഗാന്ധിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സമര്‍ഥരായ മൂന്ന് ജൂതന്മാര്‍

ഗാന്ധിയും മുസ്ലിങ്ങളും അറബ് ലോകവും എന്ന തലക്കെട്ടില്‍  പ്രസിദ്ധീകൃതമായ ഇരുന്നുറിലേറെ താളുകളുള്ള ചന്തമുള്ളതും ചിന്തനീയവുമായ ഈ കൃതി പ്രബുദ്ധരായ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്.

ബഹ്‌റൈനിലെ മുന്‍മന്ത്രിയും രാജ്യതന്ത്രജ്ഞനും വ്യവസായ പ്രമുഖനുമായ അബ്ദുന്നബി അശ്ശുഅല അറബിയിലും ഇംഗ്ലീഷിലുമൊക്കെ ഇറക്കിയ കൃതിയുടെ മലയാള പരിഭാഷയാണിത്. മഹാത്മാഗാന്ധി തന്റെ ജീവിതത്തില്‍ മുസ്ലിങ്ങളുമായി പുലര്‍ത്തിയ ഗാഢബന്ധം, അറബ് പ്രശ്‌നങ്ങളോട് വിശിഷ്യാ ഫലസ്തീന്‍ പ്രശ്‌നങ്ങളോട് പുലര്‍ത്തിയ ശക്തവും യുക്തവുമായ അനുഭാവം, സയണിസ്റ്റ് ലോബി തന്റെ മേല്‍ ചെലുത്താന്‍ ശ്രമിച്ച സര്‍വ കുതന്ത്രങ്ങളെയും തള്ളി തന്റെ അന്ത്യം വരെ ഫലസ്തീന്‍ മണ്ണ് അറബികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ദൃഢരൂഢമായ നിലപാട് തുടങ്ങി പല കാര്യങ്ങളും ഈ കൃതിയില്‍ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്.

ആമുഖത്തിന് പുറമേ 17 അധ്യായങ്ങളുള്ള ഈ കൃതി രാഷ്ട്രീയ  സാമൂഹ്യ രംഗത്തെ ബുദ്ധിജീവികള്‍ മനസ്സിരുത്തി വായിക്കേണ്ടതാണ്.ഗ്രന്ഥകാരന്റെ ഇന്ത്യയോടുള്ള മമതക്ക് മുഖ്യ നിമിത്തം ഗാന്ധിജി തന്നെയാണ്.

അദ്ദേഹത്തിന്റെ വരികള്‍ കാണുക: 'വര്‍ഷങ്ങളായി ഇന്ത്യയെക്കുറിച്ചും മഹാത്മാഗാന്ധിയെ കുറിച്ചും നടക്കാറുള്ള സമ്മേളനങ്ങളിലും സെമിനാറുകളിലും ഞാന്‍ പങ്കെടുക്കുന്നു. നാല്‍പതു വര്‍ഷമായി ഞാന്‍ ഗാന്ധിയില്‍ ആകൃഷ്ടനായിട്ട്. ഗാന്ധി മരിച്ചു മുപ്പതിലേറെ വര്‍ഷം കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. 1969ല്‍ ഇന്ത്യ ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഞാന്‍ ഇന്ത്യ സന്ദര്‍ശിച്ചു. നാലു വര്‍ഷം തുടര്‍ച്ചയായി ഞാനിവിടെ താമസിച്ചു. ബോംബെ സര്‍വകലാശാലക്ക് കീഴിലുള്ള പ്രശസ്തമായ സെന്റ് ജോസഫ് കോളേജിലായിരുന്നു എന്റെ പഠനം...... ഓരോ വര്‍ഷവും പല തവണ ഞാനാ രാജ്യം സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കാലം കൊണ്ട് രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ചിന്തകരും പല മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായ എന്റെ ഇന്ത്യന്‍ സൗഹൃദവലയം വികസിച്ചു....

ഗാന്ധിയെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു എളിയ ശ്രമമാണ്. എനിക്കുള്ള ന്യായം എന്റെ ഉദ്ദേശ്യശുദ്ധിയും ഈ മഹാമനുഷ്യനെക്കുറിച്ചുള്ള പ്രൗഢഗ്രന്ഥങ്ങള്‍ക്ക് ഇതൊരു തുടക്കമാവും എന്ന പ്രതീക്ഷയുമാണ്....' (ആമുഖം,പേജ് 2021)

ഈ പുസ്തകത്തിലെ ഗാന്ധിയും സയണിസവും എന്ന അധ്യായം പ്രത്യേകം പരിചിന്തനമര്‍ഹിക്കുന്നുണ്ട്.
'ഗാന്ധിയുടെ ഡയറിക്കുറിപ്പുകള്‍ വിശദീകരിക്കുന്നത് അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയപരമായ ജീവിതം മൂന്ന് യഹൂദരെ ചുറ്റിപറ്റിയുള്ളതായിരുന്നു എന്നാണ്. ഹെന്റിപൊളാക്,ഹെര്‍മന്‍ കലന്‍ബാഷ്, സോന്‍ജ ഷെന്‍സിന്‍. ദക്ഷിണാഫ്രിക്കയിലെ ദുരിതകാലത്ത് ഗാന്ധിയെ സഹായിച്ചത് അവരായിരുന്നു.... എന്നാല്‍ അവരുടെ ബന്ധത്തിന്റെ വികാസവും സയണിസ്റ്റ് പ്രസ്ഥാനത്തിന് പിന്തുണയാര്‍ജിക്കാന്‍ വേണ്ടി അത് ഉപയോഗപ്പെടുത്തപെട്ടതുമാണ് നാം ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്.... മൂന്നു പേരില്‍ ഗാന്ധിയുടെ അടുത്ത സുഹൃത്ത് ഹെര്‍മന്‍ കലന്‍ബാഷ് ആയിരുന്നു. സയണിസ്റ്റ് ലക്ഷ്യങ്ങള്‍ക്കായി ഗാന്ധിയുടെ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹം കഠിനപ്രയത്‌നം തന്നെ നടത്തി.അദ്ദേഹത്തെ ഗാന്ധിതന്റെ ഡയറിയില്‍ വിശേഷിപ്പിച്ചത് ആത്മസുഹൃത്ത് എന്നാണ്....(പേജ് 125)

അതീവ സമര്‍ഥരായ മൂന്ന് ജൂതന്മാര്‍ അതി വിദഗ്ധമായി ഇസ്രായേലിനുകൂലമായി ഗാന്ധിയെ എങ്ങനെയെങ്കിലും സ്വാധീനിക്കാന്‍ സുദീര്‍ഘ ശ്രമങ്ങള്‍ നടത്തിയതിന്റെ വിവരണം മുപ്പതോളം പേജുകളില്‍ വിവരിക്കുന്നുണ്ട്. ഈ അധ്യായത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം കാണുക.

'..... ജര്‍മ്മനിയില്‍ നാസിസം ഉദയം ചെയ്യുകയും ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ യഹൂദര്‍ക്കെതിരായി വംശ ശുദ്ധീകരണം നടക്കുകയും ചെയ്തപ്പോള്‍, ഹെര്‍മന്‍ അടിയുറച്ച സയണിസ്റ്റായി മാറി. ദക്ഷിണാഫ്രിക്കന്‍ സയണിസ്റ്റ് ഫെഡറേഷന്റെ എക്‌സിക്യൂട്ടീവില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും ഫലസ്തീനില്‍ താമസിക്കാന്‍ പദ്ധതിയിടുകയും ചെയ്തു.

സയണിസ്റ്റ് നേതാവായ മോശെ ഷര്‍ടേകിന്റെ (പിന്നീട് മോശെ ഷാരെറ്റ് എന്ന പേര് സ്വീകരിച്ച് ബെന്‍ഗുറിയനു ശേഷം പ്രസിഡന്റായ വ്യക്തി) അഭ്യര്‍ത്ഥനപ്രകാരം 1937ല്‍ ഹെര്‍മന്‍ ഗാന്ധിയെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കുകയും സയണിസ്റ്റ് പദ്ധതിക്ക് വേണ്ടി അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫലസ്തീനിലെ യഹൂദരാഷ്ട്ര സ്ഥാപനത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്.ഇന്ത്യയിലെ ആശ്രമത്തില്‍ ഹെര്‍മന്‍ ഗാന്ധിയോടൊപ്പം ഏറെക്കാലം താമസിക്കുകയും ചെയ്തു.അക്കാലത്ത് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ടീയ ഘടകമായിരുന്ന 'ജുവിഷ് ഏജന്‍സി' എന്ന സംഘടനയുടെ ചെയര്‍മാനായിരുന്ന മോഷാറ്റ് ഹെര്‍മനയച്ച വ്യക്തവും കൃത്യവുമായ ഒരു കത്ത് ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും സയണിസ്റ്റുകള്‍ക്കുണ്ടായിരുന്ന സമീപനത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്.ജറുസലേം മുഫ്തി ആയിരുന്ന അല്‍ഹാജ് അമീന്‍ അല്‍ഹുസൈനി ഇന്ത്യയിലെ മുസ്ലിം നേതാക്കളുമായി ആശയവിനിമയം നടത്തിയതിനെ കുറിച്ചും, അഖ്‌സ്വാ പള്ളിയുടെ പുനരുദ്ധാരണത്തിനു വേണ്ടി ഹൈദരാബാദിലെ നൈസാമിനെപ്പോലുള്ള ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരില്‍ നിന്ന് 17,000 പൗണ്ട് സംഭാവന വാങ്ങിയതിനെക്കുറിച്ചും കത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

ഷാരെറ്റ് കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'ഏഷ്യയിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരുക എന്ന രാഷ്ട്രീയഭാവി ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത്, മഹത്തായ ഏഷ്യാറ്റിക് നാഗരികതകളുടെ ശുഭകാംക്ഷയിലും ഐക്യദാര്‍ഢ്യത്തിലുമാണ്.തികച്ചും ഭൗതികമായ കാഴ്ചപ്പാടില്‍ നോക്കിയാലും, ഇന്ത്യയെപ്പോലൊരു രാഷ്ട്രം വാണിജ്യം പോലുള്ള സാമ്പത്തികമേന്മയുടെ പ്രതീക്ഷകള്‍ തുറന്നിടുന്നുണ്ട്.എന്നാല്‍ ഹിന്ദു നേതാക്കള്‍ യൂറോപിലെ ജൂതന്മാരെ കാണുന്നത് ഫലസ്തീനില്‍ കടന്നുകയറിയവരായിട്ടാണ്.അത്തരം വിശ്വാസങ്ങള്‍ അവരുടെ അടിയുറച്ച വിശ്വാസമാകുന്നതിനുമുമ്പ് അവരെ പ്രേരിപ്പിച്ചേ മതിയാകൂ'

ഗാന്ധിയുമായുള്ള ഹെര്‍മന്റെ ബന്ധം ഉപയോഗപ്പെടുത്താന്‍ ഷാരെറ്റ് ഉപദേശിച്ചു. ഏറ്റവും പ്രശസ്തനായ ഹിന്ദു, സയണിസ്റ്റ് ലക്ഷ്യം വിശദീകരിക്കുക എന്ന കാര്യത്തിനായി.ഈ വിഷയത്തില്‍ ഗാന്ധിയുടെ നിലപാട് മാറ്റിയെടുക്കാന്‍ കലന്‍ബാഷ് തന്നാലാവുന്നതൊക്കെ ചെയ്തു. അടിച്ചമര്‍തപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ഹിന്ദുക്കളെ യഹൂദരോട് അദ്ദേഹം താരതമ്യം ചെയ്തു. അതിനോടദ്ദേഹം പ്രതികരിച്ചത്, യഹൂദരുടെ യാതനക്ക് കാരണം അറബികളോ മുസ്ലിംകളോ അല്ലെന്നും, മറിച്ച് ക്രിസ്ത്യാനികളാണെന്നു പറഞ്ഞുകൊണ്ടാണ്.

കലന്‍ബാഷ് പഠിച്ച പണി പലതും പയറ്റിയിട്ടും ഗാന്ധിയുടെ നിലപാട് മാറ്റാന്‍ കഴിഞ്ഞില്ല.മറിച്ച്,ഗാന്ധി ഈ വിഷയത്തെക്കുറിച്ച് തന്റെ പ്രശസ്തമായ ലേഖനം എഴുതി ആ ലേഖനത്തില്‍ പീഡനവിധേയരായ ജര്‍മനിയിലെ യഹൂദരോടുള്ള സഹാനുഭൂതി അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, ഫലസ്തീന്‍ പിടിച്ചെടുത്ത് തങ്ങളുടെ ദേശമാക്കാനുള്ള സയണിസ്റ്റ് ആശയങ്ങളെയും പദ്ധതികളെയും അദ്ദേഹം അപലപിച്ചു.

ഈ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ യഹൂദ മതത്തിന്റെ പോരായ്മകള്‍, തകരാറുകള്‍, തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത നിലപാടുകള്‍ ഇതൊക്കെയും ഗാന്ധി സൂചിപ്പിക്കുന്നുണ്ട്. ഒരു മതമെന്ന നിലക്ക് യാതൊരുവിധ മതിപ്പും യഹൂദ മതത്തോട് ഇല്ലെന്നാണ് അദ്ദേഹം വളരെ വിശദമായി സമര്‍ത്ഥിക്കുന്നത്.

യഹൂദരുടെ ശ്രേഷ്ഠതാവാദങ്ങളെല്ലാം ഗാന്ധി നിരാകരിച്ചിരുന്നു.അതുപോലെ മനുഷ്യവംശങ്ങള്‍ക്കിടയിലെ സാമൂഹികമായ തരംതിരിവുകളും ഗാന്ധി തള്ളിക്കളഞ്ഞു.യഹൂദരുടെ മേന്മാവാദവും,മറ്റ് വംശങ്ങള്‍ക്കുമേലുള്ള അവരുടെ മാനസികവും ധാര്‍മികവുമായ ശ്രേഷ്ഠതയും, തങ്ങള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഉത്തമജനതയാണെന്ന വാദവും എല്ലാം ഗാന്ധി തള്ളിക്കളഞ്ഞു.മറ്റുവംശങ്ങളെ തങ്ങളെക്കാള്‍ മോശപ്പെട്ടവരായി യഹൂദര്‍ കണക്കാക്കുന്നുവെന്ന് ഗാന്ധി മനസ്സിലാക്കി.യഹൂദരെ അഭിസംബോധന ചെയ്യുന്ന പോലെ ദൈവം മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് കാരണം.യഹൂദരെ ഭൂമിയുടെ ഉടമസ്ഥരാക്കുമെന്ന് ലേവ്യ പുസ്തകത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്കുമേലുള്ള സംശയാസ്പദമായ മഹിമാവാദം യഹൂദമതത്തിന്റെ മതപരമായ ഘടനയായി മാറി.(പേജ് 110)

ഈ പുസ്തകത്തില്‍ മറ്റൊരു അധ്യായം 'സയണിസ്റ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍' എന്ന തലക്കെട്ടിലാണ്. പ്രസ്തുത അധ്യായത്തിലും സയണിസത്തിന്റെ തന്ത്രങ്ങളും ഇന്ത്യന്‍ നയത്തെ സ്വാധീനിക്കാന്‍ നടത്തിയ പലവിധ ശ്രമങ്ങളും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്.അവസാനം തങ്ങളുടെ പരിശ്രമം വേണ്ടതുപോലെ വിജയിക്കാത്തതിനാല്‍ ഗാന്ധിയെ അവഹേളിക്കും വിധം വളരെ മോശമായ അഭിപ്രായം ജൂതന്മാര്‍ പറഞ്ഞ് പ്രചരിപ്പിച്ചതും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഗാന്ധി മരണപ്പെട്ട് അറുപത് വര്‍ഷങ്ങള്‍ക്കുശേഷം, സയണിസ്റ്റുകള്‍ ആരോപിച്ചത്, ഹെര്‍മന് ഗാന്ധിയുമായി സ്വവര്‍ഗ ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നാണ്.ജൂതന്മാര്‍ക്ക് വശംവദനാവാതെ ദൃഢനിലപാട് സ്വീകരിച്ചതിന്റെ പ്രതികാരം ഹീനമായ ദുരാരോപണത്തിലൂടെയാണ് നടത്തിയതന്ന് ഗ്രന്ഥകാരന്‍ (പേജ് 128) സൂചിപ്പിക്കുന്നുണ്ട്.


'ഗാന്ധിയും സയണിസവും' 'സയണിസ്റ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍' എന്നീ രണ്ട് അധ്യായങ്ങള്‍ ഇത്തരുണത്തില്‍ സവിശേഷമായതിനാലാണ് ഈ കുറിപ്പ് പ്രസ്തുത അധ്യായങ്ങളില്‍ കേന്ദ്രീകരിച്ചത്. അറബ് ഇന്ത്യന്‍ ബന്ധങ്ങളെ പറ്റിയും, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റിയും പുസ്തകം വിശദമായി പറഞ്ഞുവെക്കുന്നുണ്ട്. അവസാന അധ്യായത്തില്‍ യുദ്ധ സമ്മര്‍ദ്ദങ്ങള്‍ക്കും ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തിനുമിടയില്‍ ബ്രിട്ടീഷ് രണ്ടാം ലോക യുദ്ധത്തിന്റെ തുടക്കം എന്ന തലക്കെട്ടില്‍ ചിന്തനീയമായ പല വസ്തുതകളും ഗ്രന്ഥകാരന്‍ പ്രതിപാദിക്കുന്നുണ്ട്.ഒരുപക്ഷേ ഇന്നത്തെ തലമുറ അറിയാത്ത, എന്നാല്‍ അറിയേണ്ടുന്ന പല വിഷയങ്ങളെയും വിശകലന പാടവത്തോടെ വായനക്കാരന് പകര്‍ന്നു നല്‍കിയിട്ടുണ്ട്.ഈ പുസ്തകം കോഴിക്കോട്ടെ ഐ.പി.എച്ച് ആണ് പ്രസിദ്ധീകരിച്ചത്, പക്ഷേ ഈ പുസ്തകം വായിക്കേണ്ടവര്‍, ഗ്രഹിക്കേണ്ടവര്‍ അത് വേണ്ടുംവിധം പരിഗണിച്ചോ എന്ന് സംശയമാണ് എനിക്കുള്ളത്. പല പുസ്തകങ്ങളും എത്തേണ്ടവരിലേക്ക് എത്താത്ത ദുരവസ്ഥ ഇന്ന് വായനാ ലോകത്തുണ്ട്. നമ്മുടെ പല പഠനങ്ങളും വിശകലനങ്ങളും അവരവരുടെ വൃത്തത്തില്‍ തന്നെ കറങ്ങിത്തിരിഞ്ഞ് ഒരുതരം ആത്മരതി അനുഭവിക്കുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. നമ്മുടെ ചിന്താമണ്ഡലത്തില്‍ നടക്കുന്ന എല്ലാം പഠനങ്ങളും നിരീക്ഷണങ്ങളും വിശകലനങ്ങളും എത്തേണ്ടവരിലേക്ക് എത്താന്‍ വേണ്ടി വായനാലോകം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, എങ്കിലേ ഇത്തരം ഗവേഷണങ്ങളും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമൊക്കെ ഫലം കാണുകയുള്ളൂ എന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് ഇവിടെ ഉപസംഹരിക്കുകയാണ്.

 

Latest News