Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ഫുട്‌ബോൾ സൗദിയിൽ തന്നെ, ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം

സൂറിച്ച്- 2034-ലെ ലോകകപ്പിന് സൗദി അറേബ്യ തന്നെ ആതിഥ്യം വഹിക്കും.  മറ്റൊരു രാജ്യവും 2034 ലോകകപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാത്താതാണ് സൗദിക്ക് നറുക്ക് വീഴാൻ കാരണം. 11 വർഷത്തിന് ശേഷം ലോക ഫുട്‌ബോൾ മാമാങ്കം സൗദിയുടെ മണ്ണിലെത്തും. എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ വർഷം അവസാനത്തോടെ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കപ്പെടും. ടൂര്‍ണമെന്‍റ് നടത്താനുള്ള സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയും നടക്കും. 


2034-ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ചൊവ്വാഴ്ച വൈകിട്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്. 

''ഫിഫ ലോകകപ്പിന്റെ 2030 മത്സരങ്ങൾ ആഫ്രിക്കയിലും (മൊറോക്കോ), യൂറോപ്പിലും (പോർച്ചുഗൽ, സ്‌പെയിൻ) ആതിഥേയത്വം വഹിക്കാൻ സജ്ജീകരിച്ചിരിക്കുന്നു - മൂന്ന് ആഘോഷ മത്സരങ്ങൾ തെക്കേ അമേരിക്കയിലും (അർജന്റീന, പരാഗ്വേ, ഉറുഗ്വേ) - 2034-ൽ ഏഷ്യയിലായിരിക്കും ( സൗദി അറേബ്യ) ലോകകപ്പ്.  ഇൻഫാന്റിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


ആറ് കോൺഫെഡറേഷനുകളും പ്രതിനിധീകരിക്കുന്ന ഫിഫ കൗൺസിൽ മുഖേനയുള്ള സമവായത്തിലൂടെയാണ് ലേല പ്രക്രിയകൾക്ക് അംഗീകാരം ലഭിച്ചത്. ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയെന്നും ഇൻഫാന്റിനോ പറഞ്ഞു. 

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്‌ട്രേലിയ പിൻവാങ്ങിയതോടെ മത്സരരംഗത്ത് സൗദി മാത്രമാകുകയിരുന്നു. ഇന്ന്(ചൊവ്വ) രാവിലെയാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. 
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെപ്പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തി. എല്ലാ ഘടകങ്ങളും പരിഗണിച്ച്  2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന നിഗമനത്തിൽ  എത്തിയിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, 2026 ലെ വനിത ഏഷ്യൻ കപ്പിനും 2029 ലെ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം ഫുട്‌ബോൾ അസോസിയേഷൻ ആവർത്തിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് 2034 ടൂർണമെന്റിനുള്ള നടപടിക്രമങ്ങൾ ഫിഫ പ്രഖ്യാപിച്ചത്. അന്നു മുതൽ സൗദി അറേബ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.ഫിഫയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം സൗദി അറേബ്യ പുറപ്പെടുവിച്ചു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ സൗദിക്ക് പിന്തുണയും അറിയിച്ചു. ഓസ്‌ട്രേലിയയുടെ അയൽരാജ്യമായ ഇന്തോനേഷ്യ ഉൾപ്പെടെയുള്ളവർ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ജപ്പാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള അസോസിയേഷനുകളും സൗദിക്കൊപ്പം നിന്നു. ഏഷ്യൻ ഫുട്‌ബോൾ കുടുംബം മുഴുവനും സൗദിയുടെ ശ്രമത്തെ പിന്തുണച്ച് ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു. ഓസ്‌ട്രേലിയ ഈ വർഷം വനിത ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. എന്നാൽ പുരുഷ ലോകകപ്പിന് ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടില്ല. 2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 2030 ലോകകപ്പ് മൊറോക്കോ, പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിലാണ് നടത്തുന്നത്. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നടക്കും. ഉറുഗ്വേയിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കുക.
 

Latest News