നല്ല കുഞ്ഞിനെ കിട്ടുമെന്ന് മന്ത്രവാദിയുടെ വാഗ്ദാനം; ദമ്പതികള്‍ രോഗിയായ മകളെ കൊന്നു കുഴിച്ചുമൂടി

മുറാദാബാദ്- ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ദമ്പതികള്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രോഗിയായ ആറു വയസ്സുകാരി മകളെ കൊലപ്പെടുത്തി. രോഗം കാരണം അവശയായ ബാലികയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചു മൂടിയാല്‍ ഇനി ജനിക്കുന്നത് ആരോഗ്യമുള്ള  കുഞ്ഞായിരിക്കുമെന്ന് ഒരു മന്ത്രവാദി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. പോഷകാഹാരക്കുറവും പിള്ളവാതവും പിടിപ്പെട്ട ബാലികയെയാണ് മാതാപിതാക്കള്‍ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. മുറാദാബാദിലെ ചൗധര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് അനന്ദ്പാല്‍ എന്നയാളുടെ വീടില്‍ പോലീസ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് വീട്ടിനുള്ളിലെ കുഴിയില്‍ നിന്ന് ബാലികയുടെ ശോഷിച്ച മൃതദേഹം കണ്ടെടുത്തു. ബാലികയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുടടി ദിവസങ്ങളോളം പട്ടിണിയിലായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്.

ബാലികയുടെ കുഴിമാടത്തിനു മുകളില്‍ അമ്പലം പണിയാനായിരുന്നു അമ്മയുടെ ആഗ്രഹമെന്ന് മുത്തശ്ശി പറഞ്ഞു. രോഗിയായ ബാലികയെ തങ്ങള്‍ ചികിത്സിച്ചു മടുത്തെന്നും നിരവധി മരുന്നുകള്‍ നല്‍കിയെങ്കിലും അനുദിനം ആറു വയസ്സുകാരിയുടെ ആരോഗ്യം വഷളായെന്നും അവര്‍ പറയുന്നു. ബാലികയുടെ മാതാപിതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Latest News