മോഡിയുടെ ഇസ്രായില്‍ അനുകൂല നിലപാട് ഇന്ത്യയുടെ അന്തസ്സ് കെടുത്തി-പ്രൊഫ.മുഹമ്മദ് സുലൈമാന്‍

ഐ.എന്‍.എല്‍ മലപ്പുറം ജില്ല കമ്മിറ്റി കോട്ടക്കലില്‍ സംഘടിപ്പിച്ച ലോകസഭ മണ്ഡലം കണ്‍വെന്‍ഷനും ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമവും ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കല്‍- സ്വതന്ത്ര്യമായ മാതൃരാജ്യത്തിനും   സ്വയംഭരണ അവകാശത്തിനും പതിറ്റാണ്ടുകളായി  ഫലസ്തീനികള്‍ നടത്തുന്ന ഫ്രീ ഫലസ്തീന്‍  പോരാട്ടങ്ങളെ പിന്തുണച്ചുവന്നിരുന്ന  ഇന്ത്യയുടെ പശ്ചിമേഷ്യന്‍ നയത്തെ അട്ടിമറിച്ച് കൈയേറ്റക്കാരും അതിക്രമികളുമായ  ഇസ്രായിലുമായി ചങ്ങാത്തമുണ്ടാക്കുക  വഴി ലോകത്തിന്ന് മുന്നില്‍ പ്രധാനമന്ത്രി മോഡി
ഇന്ത്യയെ നാണം കെടുത്തിയിരിക്കയാണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ അധ്യക്ഷനും ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാവുമായ പ്രൊഫ.മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.
അത്യാധുനീകവും അതിമാരകവുമായ ആയുധങ്ങളുമായി ഗസ്സയില്‍ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ ഇസ്രായിലും സംഖ്യ രാഷ്ട്രങ്ങളും ലോക മനസ്സാക്ഷിക്ക് അംഗീകരിക്കാനാകാത്ത യുദ്ധക്കുറ്റങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഫലസ്തീനില്‍ എത്ര തീമഴ വര്‍ഷിച്ചാലും യുദ്ധത്തിന്റെ ആത്യന്തിക പരാജയം  ഇസ്രായിലിനായിരിക്കുമെന്നതാണ് വിയറ്റ്‌നാമും അഫ്ഗാനും ലോകത്തിന്ന് നല്‍കിയ പാഠമെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെയും  സ്വതന്ത്ര്യ  മാധ്യമങ്ങളെയും ഭയപ്പെടുന്ന ഭീരുവാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നും വരുന്ന ലോകസഭ തിരഞ്ഞെടുപ്പോടെ മോഡി യുഗം അസ്തമിക്കുമെന്നും അദ്ദേഹം പറഞു.
കേരളത്തിന്റെ പുകള്‍പെറ്റ സാമുദായിക മൈത്രി ഇല്ലാതാക്കാന്‍ ദേശീയ തലത്തില്‍ ഗൂഡാലോചന നടക്കുന്നതായും കേരളീയര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി   സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമവും ലോകസഭ മണ്ഡലം കണ്‍വെന്‍ഷനും കോട്ടക്കല്‍ വ്യാപാരഭവനില്‍  (യു.എ ബീരാന്‍ സാഹിബ് നഗറില്‍ )ഉല്‍ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ. സുലൈമാന്‍.
ജില്ല പ്രസിഡന്റ് സമദ് തയ്യില്‍ അധ്യക്ഷത വഹിച്ചു.ദല്‍ഹിയിലെ ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ മുന്‍ പ്രോ: വൈസ് ചാന്‍സലര്‍ ഡോ: ബഷീര്‍ അഹമ്മദ് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രഭാഷണം നടത്തി.ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, സംസ്ഥാന നേതാക്കളായസലാം കുരിക്കള്‍, ഒ.ഒ ശംസു, സി.പി അന്‍വര്‍ സാദത്ത്, പോഷക സംഘടനകളുടെ സംസ്ഥാന നേതാക്കളായ ഡോ: അബു കുമ്മാളി, വി.പി അബ്ദുള്ള കോയ, എയര്‍ലന്‍സ് അസീസ് പറാട്ടി കുഞ്ഞാന്‍ എന്നിവര്‍ പ്രസംഗിച്ചു.ജില്ല ജനറല്‍ സിക്രട്ടറി സി.പി അബ്ദുല്‍ വഹാബ് സ്വഗതവും സിക്രട്ടറി നാസര്‍ ചെനക്കലങ്ങാടി നന്ദിയും പറഞു.
തുടര്‍ന്ന് കോട്ടക്കല്‍ വ്യാപാരഭവന്  റോഡിന് സമീപം നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് നടത്തിയ  ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രതിജ്ഞയെടുക്കല്‍ ചടങ്ങിന്ന് ഐ.എന്‍.എല്ലിന്റെയും പോഷക സംഘടനകളുടെയും ജില്ല നേതാക്കളായ പി.പി ഹസ്സന്‍ ഹാജി, മജീദ് ചിറ്റങ്ങാടന്‍, ടി.കെ അസീസ്, പറാട്ടി കുഞ്ഞാന്‍, റഫീഖ് പെരുന്തല്ലൂര്‍, പി.കെ.കെ കാരത്തൂര്‍, അലിഹസ്സന്‍ മാട്ടറ, റഫീഖ് മീനടത്തൂര്‍, അക്രം കണ്ണമംഗലം, എന്‍.പി ഷംസു, കെ.ടി ഹസ്സന്‍കോയ, ബഷീര്‍ ചേളാരി, ബാവ ഉള്ളണം എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Latest News