Sorry, you need to enable JavaScript to visit this website.

കേരളത്തിനാവശ്യം പുതിയ ട്രെയിൻ സർവീസുകൾ

വടക്കൻ കേരളത്തിലെ രൂക്ഷമായ യാത്രാ പ്രശ്‌നം മാധ്യമങ്ങളേറ്റെടുത്തതോടെ റെയിൽവേയും അനങ്ങി. സംസ്ഥാനത്തോടുന്ന ട്രെയിനുകളിൽ ഓരോ കോച്ച് അധികം അനുവദിച്ചതാണ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന വിദ്യ. കോഴിക്കോടിനും കണ്ണൂരിനുമിടയിലാണ് പ്രശ്‌നം ഏറ്റവും ഗുരുതരമായത്. ഒമ്പത് വനിതാ യാത്രക്കാരാണ് തിരക്ക് സഹിക്ക വയ്യാതെ ഒരു മസത്തിനിടെ കുഴഞ്ഞു വീണത്. കോഴിക്കോട്ടു നിന്ന് ഉച്ച തിരിഞ്ഞ് പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് നിസാമുദ്ദീൻ എക്‌സ്പ്രസ്, മുംബൈയിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് എന്നിവയിലും കനത്ത തിരക്കാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ ഒന്നും ചെയ്തിട്ടില്ല. ചെന്നൈ-എഗ്‌മോർ -മംഗളൂരു എക്‌സ്പ്രസിനും കൂടുതൽ കോച്ചില്ല. ദുരന്ത യാത്രയായി മാറിയ പരശുറാമിന് ഒരു കോച്ച് നൽകി. ഇതു കൊണ്ട് ഇപ്പോഴത്തെ റെക്കോർഡ് തിരക്കിന് ഒരു പരിഹാരവുമുണ്ടാവില്ല. നാല് ദശകങ്ങൾപ്പുറം തുടങ്ങിയതാണ് പരശുറാം എക്‌സ്പ്രസ്. 
കേരളത്തിലുടനീളം അമ്പതിടങ്ങളിൽ സ്റ്റോപ്പ് ചെയ്യുന്ന പ്രധാന ട്രെയിൻ. അതു കഴിഞ്ഞ് ജനസംഖ്യ പെരുകി. ഇതേ പോലുള്ള രണ്ട് സർവീസുകളെങ്കിലും ഇപ്പോൾ കേരളത്തിന് അത്യാവശ്യമാണ്. വന്ദേഭാരത് പോലെ സമ്പന്നർക്കുള്ള ട്രെയിനല്ല, പരശുറാം മാതൃകയിൽ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ട്രെയിൻ സർവീസുകളാണ് ഉടൻ ആരംഭിക്കേണ്ടത്. 
മംഗളൂരു സെൻട്രൽ നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് (16649), നാഗർകോവിൽ ജംഗ്ഷൻ മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ( 16650) എന്നിവക്കാണ് ഒന്ന് വീതം ജനറൽ കോച്ച് താൽക്കാലികമായി അനുവദിച്ചത്. 8 ട്രെയിനുകൾക്ക് അധിക ജനറൽ കോച്ചുകൾ അനുവദിച്ചിരുന്നു. ഇന്നു മുതൽ അധിക കോച്ചുകൾ എല്ലാ ട്രെയിനിലും ലഭ്യമാകും. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ഇവയാണ് എട്ട് ട്രെയിനുകൾ- തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്പ്രസ്. 
അപ്പോഴും കണ്ണൂരിനപ്പുറത്തെ യാത്രക്കാരെ പരിഗണിച്ചതേയില്ല. കണ്ണൂർ-കാസർകോട് യാത്രക്കാരുടെ കാര്യം മഹാകഷ്ടമാണ്. കേരളമാരംഭിക്കുന്നത് മംഗലാപുരത്തിനടുത്ത നേത്രാവതി പുഴയുടെ ഇങ്ങേക്കരയിൽ നിന്നാണെന്ന് അറിയാത്തവരാവുമോ അധികൃതർ? 

Latest News