Sorry, you need to enable JavaScript to visit this website.

കാലിക്കറ്റ് എയർപോർട്ട് 24X7


സുദീർഘമായ ഇടവേളയ്ക്ക് ശേഷം കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം പഴയ ഫോമിലേക്ക്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ഗൾഫ് യാത്രികർ ആഹ്ലാദത്തിലാണ്. രാത്രി വിമാനത്തിന് പുറപ്പെടാൻ ബുക്ക് ചെയ്തവർക്ക് വിമാനം പകൽ പുറപ്പെടുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് രീതിയിലാണ് ശൈത്യകാല ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള വിമാനങ്ങളിൽ സമയ ക്രമീകരണം നടത്തി 24 മണിക്കൂറും വിമാനങ്ങൾ ഇറങ്ങുന്ന തരത്തിലാണ് ശൈത്യകാല ഷെഡ്യൂൾ. 
കരിപ്പൂരിൽനിന്ന് രാവിലെ 8.30 ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉച്ചക്ക് 12.50 നാണ് പുതിയ ഷെഡ്യൂൾ പ്രകാരം പുറപ്പെടുക. കരിപ്പൂരിൽ നിന്ന് ബഹ്‌റൈനിലേക്ക് രാവിലെ 8.30 ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ 11 മണിയിലേക്ക് പുനഃക്രമീകരിച്ചു. 
ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ 8.30 ൽനിന്ന് 9.45 ലേക്ക് മാറ്റി. മസ്‌കത്തിലേക്കുള്ള ഒമാൻ എയർ ആഴ്ചയിൽ 14 സർവീസുകൾ 17 ആയി വർധിപ്പിക്കും. അധികരിപ്പിച്ച സർവീസുകൾ അടുത്ത മാസത്തിലുണ്ടാകും. റിയാദിലേക്കുള്ള ഫ്‌ളൈ നാസ് സർവീസുകൾ നാലിൽനിന്ന് അടുത്ത മാസത്തോടെ ആറാകും. ഇടക്കാലത്ത് മുടങ്ങിയ വിദേശ വിമാന സർവീസുകൾ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യയിലെ തലയെടുപ്പുള്ള വിമാനത്താവളങ്ങളിലൊന്നായി കാലിക്കറ്റ് മാറും. കേരളത്തിൽ പൊതുമേഖലയിൽ തുടരുന്ന ഏക വിമാനത്താവളമാണിത്. 
വിമാനത്താവളത്തിലെ റൺവേ റീ കാർപറ്റിംഗ് പ്രവൃത്തികൾ കഴിഞ്ഞ ജനുവരി 15 മുതലാണ് ആരംഭിച്ചത്. പ്രവൃത്തി തുടങ്ങിയത് മുതൽ വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾക്ക് രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറു മണി വരെ അനുമതി ഉണ്ടായിരുന്നില്ല. റൺവേ റീകാർപറ്റിംഗിന് പുറമെ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയായതോടെയാണ് ഡി.ജി.സി.എ നിർദേശത്തിൽ പകൽ സമയത്തെ നിയന്ത്രണം നീക്കിയത്. വിമാന ലാന്റിംഗ് സുരക്ഷക്ക് അത്യാധുനിക പ്രകാശ സംവിധാനമായ സെൻട്രൽ ലൈൻലൈറ്റ്, ടച്ച് സോൺ ലൈറ്റ് എന്നിവയടക്കം സ്ഥാപിച്ചാണ് റൺവേ റീ കാർപറ്റിംഗ് പൂർത്തിയാക്കിയത്.
വലിയ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം ലാഭത്തിലാണെന്നത് ശ്രദ്ധേയമാണ്. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. പല പ്രമുഖ വിമാനത്താവളങ്ങളും നഷ്ടത്തിൽ തുടരുമ്പോഴാണ് പ്രതിസന്ധികൾക്കിടെ കോഴിക്കോടിന്റെ മികച്ച പ്രവർത്തനം.
95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. ഗൾഫ് പ്രവാസികളുടെ സാന്നിധ്യമാണ് കോഴിക്കോട് വിമാനത്താവളത്തിന് അനുഗ്രഹമായത്. കോവിഡ് കാലത്തെ രണ്ട് വർഷം ഒഴികെ കഴിഞ്ഞ അഞ്ച് വർഷത്തിലും കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം ലാഭത്തിൽ തന്നെയാണ്. 2020-21 ൽ 59.57 കോടിയും 21-22 ൽ 22.63 കോടിയും നഷ്ടമുണ്ടായി. എന്നാൽ 2018-19 വർഷം 73.11 കോടിയും 19-20 ൽ 69.14 കോടിയും ലാഭം നേടാൻ സാധിച്ചു.
482.30 കോടി ലാഭത്തോടെ കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്തുള്ളത്. 169.56 കോടി ലാഭത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 
ലോക്സഭയിൽ എസ്.ആർ. പാർത്ഥിപൻ എം.പിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭം സംബന്ധിച്ച കണക്കുകൾ വ്യക്തമായത്. 
പുനെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി, ശ്രീനഗർ 20.16 കോടി തുടങ്ങിയവയാണ് കഴിഞ്ഞ തവണ ലാഭത്തിൽ പ്രവർത്തിച്ച മറ്റു പ്രധാന വിമാനത്താവളങ്ങൾ. നഷ്ടക്കണക്കിൽ മുന്നിലുള്ളത് അഗർത്തല വിമാനത്താവളമാണ്.
കഴിഞ്ഞ വർഷം അഗർത്തലയിലുണ്ടാക്കിയ നഷ്ടം 115.61 കോടി രൂപയാണ്. തൊട്ടുപിന്നിൽ 110.15 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരം വിമാനത്താവളവുമുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം കഴിഞ്ഞ വർഷം 267.17 കോടി രൂപ ലാഭം നേടിയിട്ടുണ്ട്. ഞെട്ടിക്കുന്ന നഷ്ടത്തിന്റെ കണക്കാണ് കണ്ണൂർ വിമാനത്താവളത്തിന് പറയാനുള്ളത്. കഴിഞ്ഞ വർഷം കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തന നഷ്ടം 131.98 കോടി രൂപയാണ്.
ഈ നൂറ്റാണ്ട് തുടങ്ങുന്നത് വരെ കേരളത്തിൽ രണ്ടു വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ. പേരിനൊരു താവളം കൊച്ചിയിലും. തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വാണിജ്യ വിമാനത്താവളങ്ങൾ. കൊച്ചി നാവൽ ബേസിനോട് ചേർന്നുള്ള ആഭ്യന്തര വിമാനത്താവളത്തിലും യാത്രാ വിമാനങ്ങൾ വന്നിരുന്നു. പിൽക്കാലത്ത് നെടുമ്പാശ്ശേരിയിൽ പുതിയ വിമാനത്താവളം വന്നപ്പോൾ അതൊരു ചരിത്രമായി. സ്വകാര്യ പങ്കാളിത്തത്തോടെ പി.പി.പി മാതൃകയിൽ എയർപോർട്ട് ലാഭകരമായി നടത്തി ലോകമെങ്ങുമുള്ള വാണിജ്യ വിദ്യാർഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 
മലബാറിന്റെ പ്രവേശന കവാടമായി കരിപ്പൂരിലെ കാലിക്കറ്റ് എയർപോർട്ട് യാഥാർഥ്യമായത് 1988 ഏപ്രിൽ പതിമൂന്നിന്. 92 ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന് പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. 1994 ലാണ് മലബാർ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ റൺവേ വികസിപ്പിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. വലിപ്പമേറിയ ജംബോ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ റൺവേ ഒമ്പതിനായിരം അടിയായെങ്കിലും ഉയർത്തണമെന്നതായിരുന്നു പ്രധാന നിർദേശം. ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണെങ്കിലും റൺവേ വികസനം പൂർത്തിയായി. ബാധ്യത തീർക്കാൻ യാത്രക്കാർ ആദ്യ ഏതാനും വർഷങ്ങളിൽ 500 രൂപയും പിന്നീട് 375 രൂപയും യൂസേഴ്‌സ് ഫീ നൽകേണ്ടിവന്നു. 
ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പാകത്തിൽ റൺവേ വകസിപ്പിച്ചു. വിമാനങ്ങൾക്ക് സൗകര്യപ്രദമായി ലാൻഡ് ചെയ്യാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗും നൈറ്റ് ലാൻഡിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തി. കോഴിക്കോടിന്റെ സാധ്യത മനസ്സിലാക്കി വിദേശ വിമാന കമ്പനികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കാലിക്കറ്റിലേക്ക് സർവീസുകൾ ഏർപ്പെടുത്തി. ഇതൊക്കെ ആദ്യ കാലമുന്നേറ്റത്തിന്റെ ചരിത്രം.
2015 ഏപ്രിൽ 30 നാണ് കരിപ്പൂരിൽ റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. ജംബോ വിമാനങ്ങളും വിദേശ വിമാന സർവീസുകളും തിരിച്ചു കൊണ്ടുവരാൻ കൂട്ടായ യത്‌നം അനിവാര്യമാണ്. 

Latest News